നല്ല അസ്സൽ വിശപ്പ്, അതിന്റെ കൂടെ കൊതിയൂറുന്നൊരു സ്വപ്നവും. കയ്യിലാണേൽ ഒരൂണിനുള്ള കാശ് തികച്ചെടുക്കാനേയുള്ളൂ. നാളികേരപ്പാലൊഴിച്ചു വച്ച മീൻ കറിയും നല്ല മസാലയിട്ട് ഇളക്കിമറിച്ച ബീഫുമെല്ലാം സ്വപ്നം കണ്ടാണ് ആ ചെറുപ്പക്കാരൻ ഉണർന്നത്. നേരം ഉച്ചയായി. എന്തായാലും ഉള്ള കാശും കൊണ്ട് കക്ഷി പുറത്തേക്കിറങ്ങി. അടുത്തുള്ള ഹോട്ടലാണ് ലക്ഷ്യം. ഒരൂണെങ്കിലും ഗംഭീരമായി കഴിക്കണമെന്നുണ്ട്. പക്ഷേ സംഭവിച്ചതോ..?

വെറും നാലു മിനിറ്റ് കൊണ്ട് ആ കഥ പറയുകയാണ് ‘ഉരുള’. മഹേഷിന്റെ പ്രതികാരം, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ വിജിലേഷ് നായകനായ വെബ് സീരീസിലെ ആദ്യ ചിത്രം. വിനയ തേജസ്വിയാണ് ആശയവും സംവിധാനവും. ഒരു കൊച്ചുരുള പോലെ രസകരമായ കുഞ്ഞന്‍ കഥകളുമായാണ് ഈ വെബ് സീരീസ് വരുംനാളുകളിൽ പ്രേക്ഷകർക്കു മുന്നിലെത്തുക.

ആദ്യ ഭാഗത്തിൽ അഭിനേതാക്കളായി വിജിലേഷും സുധീപ് കുമാറും മാത്രം. അഖിൽ പ്രകാശ് ഗോവർധനാണ് ഛായാഗ്രഹണം. എഡിറ്റിങ് ബിനു നെപ്പോളിയൻ, തോമസ് ജോയാണ് സംഗീത സംവിധാനം. വിഷ്ണു വിജയൻ (ആർട്), ആൽവിൻ ആന്റണി (കളറിസ്റ്റ്), ദേവൻ സുബ്രഹ്മണ്യൻ (അസി.ഡയറക്ടർ) എന്നിവരും അണിയറയിലുണ്ട്. ബാക്കിസ്ഥാൻ മീഡിയയുടെ ബാനറിൽ ബിപിൻ സി.അമ്മുപിള്ളിയാണ് നിർമാണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook