ദളപതി വിജയ്‌യുടെ 62-ാമത്തെ ചിത്രമായ ‘ദളപതി 62’ ഷൂട്ടിങ് സമയത്തെ വീഡിയോ പുറത്തു വന്നു. വിജയ്‌ ‘ബൈക്ക് സ്റ്റണ്ട്’ ചെയ്യുന്ന ഒരു രംഗം ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.  സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രാം-ലക്ഷമന്‍ ഒരുക്കിയ ഒരു ‘ബൈക്ക് സ്റ്റണ്ടി’ന്‍റെ ചിത്രീകരണമാണ് വീഡിയോ പകര്‍ത്തുന്ന വേളയില്‍ നടന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍.

ചെന്നൈയിലെ പച്ചയപ്പ കോളേജിലാണ് മൂന്ന് ദിവസമായി ഈ രംഗത്തിന്‍റെ ചിത്രീകരണം നടന്നത്.  ഷൂട്ടിങ് വേളയില്‍ ബൈക്കില്‍ പോയ വിജയ്‌യെ രണ്ട് ചെറുപ്പക്കാരായ ആരാധകര്‍ പിന്തുടര്‍ന്നപ്പോള്‍ താരത്തിന്‍റെ ബൗണ്‍സര്‍മാര്‍ അവരുടെ ബൈക്കുകളുടെ താക്കോല്‍ പിടിച്ചു വാങ്ങി എന്നും കാറിൽ ഇതു കണ്ടുകൊണ്ടിരുന്ന വിജയ്‌ താക്കോലുകള്‍ തിരിച്ചു കൊടുക്കാന്‍   ബൗണ്‍സര്‍മാരോട് ആവശ്യപ്പെട്ടു എന്നും വിജയ്‌ ഫാന്‍സ്‌ ക്ലബ്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ്‌ ഉള്‍പ്പടെയുള്ളവര്‍ കര്‍ശനമായി പറഞ്ഞിരുന്നു. ഷൂട്ടിങ് വേളയിലെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്തരത്തിലൊരു നിയന്ത്രണം. അതിനേയും മറികടന്നാണ് ഇപ്പോള്‍ ഈ രംഗങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

thalapathy 62

എ.ആര്‍.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും താടിയിലുമെല്ലാം പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.  സംഗീതം എ.ആര്‍.റഹ്മാന്‍.

ചിത്രത്തിലെ ഗാനരംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനായി വിജയ്‌യും കീര്‍ത്തിയും അമേരിക്കയിലേക്കു പോയിരുന്നു. ചിത്രം ദീപാവലി റിലീസ് ആയി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

വീഡിയോ: ഇന്‍സ്റ്റാഗ്രാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ