വിജയ്‌യുടെ 62-ാമത് ചിത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജൂൺ 22 വിജയ്‌യുടെ പിറന്നാൾദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ടീം പുറത്തുവിട്ടത്. ‘സർക്കാർ’ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ എ.ആർ.മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘സർക്കാർ’.

കിടിലൻ ലുക്കിലാണ് വിജയ് പോസ്റ്ററിലുളളത്. കറുത്ത കൂളിങ് ഗ്ലാസും വച്ച് സിഗരറ്റിന് തീ കൊടുക്കുന്ന വിജയ്‌യെയാണ് ആരാധകർക്ക് കാണാനാവുക. സർക്കാരിലെ മറ്റൊരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദീപാവലിക്കാണ് സിനിമ റിലീസ് ചെയ്യുക.

തുപ്പാക്കി, കത്തി എന്നീ സിനിമകൾക്കുശേഷം മുരുകദോസും വിജയ്‌യും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് സർക്കാർ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. വിജയ്‌ക്ക് ഒപ്പമുളള കീർത്തിയുടെ രണ്ടാമത്തെ ചിത്രമാണ്. വിജയ്‌യുടെ ഭൈരവയിൽ കീർത്തിയായിരുന്നു നായിക. വിജയ്‌യും മുരുകദോസും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. സർക്കാറും മെഗാ ഹിറ്റാകുമെന്നതിൽ ഒട്ടും സംശയം വേണ്ട.

വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ദളപതി ആരാധകർക്ക് അദ്ദേഹത്തിന്റെ പിറന്നാൾദിനത്തിൽ ഇരട്ടി മധുരമാണ്. വിജയ്‌യുടെ 44-ാം പിറന്നാളാണിന്ന്. അതേസമയം, തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് വിജയ് ആരാധകരോട് നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. തൂത്തുക്കുടി വെടിവയ്‌പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം അറിയിച്ചാണ് പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്ന് വിജയ് തീരുമാനിച്ചത്.

തൂത്തുക്കുടിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വിജയ് സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം വിജയ് ഏറെനേരെ ചെലവഴിക്കുകയും ചെയ്‌തു. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു വിജയ്‌യുടെ സന്ദർശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ