വിക്രമിന്റെ മകൻ ധ്രുവ് നായകനാവുന്ന വർമ്മയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ലഭിക്കുന്നതിനിടെയാണ് തമിഴകത്തെ മറ്റൊരു താരപുത്രൻ അഭിനയിച്ച ഷോർട് ഫിലിമിന്റെ ടീസർ പുറത്തുവന്നിരിക്കുന്നത്.

ദളപതി വിജയ്‌യുടെ മകൻ സഞ്ജയ് അഭിനയിച്ച ജംങ്ഷൻ ഷോർട് ഫിലിമിന്റെ 51 സെക്കന്റ് ദൈർഘ്യമുളള ടീസറാണ് സോഷ്യൽ മീഡിയ വഴി ലീക്കായത്. വർഷങ്ങൾക്കു മുൻപ് വേട്ടെക്കാരൻ സിനിമയിൽ ‘നാൻ അടിച്ച താങ്കമാട്ടേൻ’ എന്ന ഗാനരംഗത്തിൽ അച്ഛനൊപ്പം കുട്ടി സഞ്ജയും നൃത്തച്ചുവടുകൾ വച്ചിരുന്നു. വിജയ്‌യുടെ മകൾ സാഷയും ‘തെരി’ സിനിമയിൽ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ജംങ്ഷൻ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നതും സഞ്ജയ് ആണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. 18 കാരനായ സഞ്ജയ് പഠനം പൂർത്തിയാക്കിയ ഉടൻ അച്ഛനെപ്പോലെ ബിഗ് സ്ക്രീനിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ദളപതി വിജയ്‌യുടെ ആരാധകർ ഇനി കാത്തിരിക്കുന്നതും കുട്ടി ദളപതിയുടെ സിനിമാ പ്രവേശനത്തിനാണ്.

എ.ആർ.മുരുകദോസ് സംവിധാനം ചെയ്യുന്ന സർക്കാർ സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കീർത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook