അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ തന്റെ മകന് പിറന്നാൾ ആശംസകളുമായെത്തിയ ദളപതി വിജയിന് നന്ദി പറയുകയാണ് തമിഴ് നടൻ നാസറിന്റെ ഭാര്യ കമീല നാസർ. കമീലയുടെയും നാസറിന്റെയും മൂത്ത മകനായ അബ്ദുൽ അസൻ ഫൈസലിനെ തേടിയാണ് പിറന്നാൾ ദിനത്തിൽ വിജയ് എത്തിയത്. കടുത്ത വിജയ് ആരാധകൻ കൂടിയാണ് ഫൈസൽ. അതുകൊണ്ടു തന്നെ, മകന്റെ സ്വപ്നം സാക്ഷാത്കാരമായ ദിവസം എന്നാണ് കമീല വിജയുമായുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നത്.

“പ്രിയപ്പെട്ട ഫൈസൽ, ജന്മദിനാശംസകൾ, ഇന്ന് വിജയ് അണ്ണനൊപ്പം നിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ദിവസമാണ്. ദൈവത്തോട് കൂടുതലൊന്നും ചോദിക്കുന്നില്ല,നല്ല ആരോഗ്യവും സന്തോഷവും തന്ന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,” കമീല ട്വിറ്ററിൽ കുറിക്കുന്നു.

2014 മെയ് 22ന് ഉണ്ടായ ഒരു റോഡപകടത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലാണ് ഫൈസൽ. ടി.ശിവ നിർമ്മിക്കുന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുമ്പോഴാണ് ഗുരുതരമായ ഒരു റോഡപകടത്തിന്റെ രൂപത്തിൽ വിധി പ്രതിബന്ധം സൃഷ്ടിച്ചത്. നാലു സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഫൈസലിന്റെ കാർ കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ച് ഒരു ടാങ്കർ ലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കൾ അപകടസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കാറിന്റെ പിന്‍സീറ്റിൽ ആയിരുന്ന ഫൈസലും വിജയ് കുമാറും മാത്രമാണ് അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. അപകടമേൽപ്പിച്ച പരിക്കുകളിൽ നിന്നും ഫൈസൽ ഇതുവരെ മുഴുവനായി റിക്കവർ ആയിട്ടില്ല. സിനിമയോട് ഏറെ അഭിനിവേശമുള്ള ഫൈസലിന്റെ പ്രിയപ്പെട്ട ഹീറോയാണ് വിജയ്.

നാസർ- കമീല ദമ്പതികളുടെ മറ്റു രണ്ടു മക്കളും സിനിമയിൽ സജീവമാണിപ്പോൾ. ഏ. എൽ വിജയ് സംവിധാനം ചെയ്ത ‘ശൈവം’ എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മകൻ ലുത്തുഫുദ്ദീനും അഭിനയരംഗത്ത് അരങ്ങേറ്റംകുറിച്ചു കഴിഞ്ഞു. ചിത്രത്തിൽ നാസർ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേരക്കുട്ടിയുടെ വേഷത്തിലാണ് ലുത്തുഫുദ്ദീൻ അഭിനയിച്ചത്. മൂന്നാമത്തെ മകൻ അബി മെഹ്ദി ഹസ്സനും നാസറിന്റെ ഒരു സ്വതന്ത്രചിത്രത്തിൽ അഭിനയിച്ചിരുന്നു.

Read more: തൂത്തുക്കുടിയിൽ അർധരാത്രിയിൽ വിജയ്‌യുടെ സന്ദർശനം, നടനെത്തിയത് ബൈക്കിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook