തമിഴ് നടൻ വിജയ്‌യുടെ സമീപകാലത്ത് പുറത്തിറങ്ങിയ മിക്കവാറും ചിത്രങ്ങൾ വെള്ളിത്തിരയിലെത്തും മുൻപേ വിവാദങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. 2013ൽ പുറത്തിറങ്ങിയ ‘തലൈവ’ മുതൽ ഈ ട്രെൻഡ് തുടരുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലും ഇപ്പോൾ ഇതേ അവസ്ഥയിലേക്കാണ് എത്തുന്നത്.
ബിഗിലിന്റെ പോസ്റ്റർ തങ്ങളെ അപമാനിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് ഇറച്ചിക്കച്ചവടക്കാരുടെ സംഘടനയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നുള്ള ഇറച്ചി വിൽപ്പനക്കാരനായ ഗോപാൽ തിങ്കളാഴ്ച ഉക്കടം പൊലീസ് സ്റ്റേഷനിലെത്തി ബിഗിലിന്റെ പോസ്റ്റർ കീറി. ഇതേ തുടർന്ന് ഇയാളെ പൊലീസ് തടഞ്ഞു.
Read More: ബിഗിലിലെ വിജയ്-നയൻതാര റൊമാന്റിക് ഗാനം
ഇറച്ചിവെട്ടുന്ന കത്തി സ്ലാബിനു മുകളിൽ വച്ച് അതിനു മേലെ വിജയ് കാൽ കയറ്റി വച്ചിരിക്കുന്ന പോസ്റ്ററാണു വ്യാപാരികളെ ചൊടിപ്പിച്ചിരിക്കുന്നത്. ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഈ പോസ്റ്റർ തങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും തങ്ങൾക്കു വലിയ ഞെട്ടലാണുണ്ടാക്കിയതെന്നും പരാതിയിൽ പറയുന്നു. അപകീർത്തികരമായ പോസ്റ്ററിനെതിരെ നടപടിയെടുക്കാനും ചിത്രത്തിലെ ഈ രംഗം വെട്ടി മാറ്റാനും ഗോപാൽ കലക്ടറോട് ആവശ്യപ്പെട്ടു.
ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 27 ന് ദീപാവലി റിലീസായാണു തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ വിജയ്ക്കു പുറമേ നയൻതാര, യോഗി ബാബു, ജാക്കി ഷറഫ് എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിനുവേണ്ടി എ.ആർ. റഹ്മാൻ സംഗീതം നൽകിയ പാട്ടുകൾ ഇതോടകം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. രണ്ടു ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ‘സിങ്കപ്പെണ്ണേ’ എന്ന ഗാനം പുറത്തുവന്നു മണിക്കൂറുകൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായി. എ.ആർ. റഹ്മാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം പാടിയത് റഹ്മാനും സാഷ തിരുപതിയും ചേർന്നാണ്. വരികൾ വിവേകിന്റേതാണ്.
ഹിറ്റ് ചിത്രങ്ങളായ തെറിയ്ക്കും മെര്‍സലിനും ശേഷം വിജയ്‌യും ആറ്റ്‌ലിയും ഒരുമിക്കുന്ന ചിത്രമാണ് ‘ബിഗിൽ’. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണു പറയുന്നത്. ബിഗിലില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് എയ്ഞ്ചല്‍ എന്നാണ്. ബിഗിലെന്നും മൈക്കിളെന്നുമാണു വിജയ്‌യുടെ കഥാപാത്രത്തിന്റെ പേര്.