2016ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘പൂക്കാലം.’ വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ ശനിയാഴ്ച പുറത്തിറങ്ങി. ടീസറിൽ ആസ്വാദകരുടെ ശ്രദ്ധ നേടിയത് വിജയരാഘവനും അദ്ദേഹത്തിന്റെ പുതിയ ലുക്കുമാണ്.
വൃദ്ധനായ ഇച്ചാപ്പൻ എന്ന കഥാപാത്രമായാണ് വിജയരാഘവൻ സ്ക്രീനിലെത്തുക. കുട്ടികളെ പോലെ വാശി പിടിക്കുന്ന ഇച്ചാപ്പനെ ടീസറിൽ കാണാം. വിജയരാഘവന്റെ കരിയറിലെ മികച്ച പ്രകടനമായിരിക്കുമിതെന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ ശബ്ദത്തെ കുറിച്ചുള്ള അഭിനന്ദനങ്ങളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.
‘റാം ജീ റാവൂ സ്പീക്കിങ്ങ്’ എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവൻ എന്ന നടനെ മലയാളി പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. പിന്നീടങ്ങോട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ പകരക്കാനില്ലാത്ത നടനായി വിജയരാഘവൻ മാറി. ന്യൂ ജെൻ അച്ഛൻ കഥാപാത്രങ്ങളിലാണ് താരം ഇപ്പോൾ അധികം എത്തുന്നത്. ‘പൂക്കാല’ത്തിലെ ഇച്ചാപ്പൻ എന്ന കഥാപാത്രം വിജയരാഘവൻ എന്ന നടന്റെ മറ്റൊരു വ്യത്യസ്തമാർന്ന പ്രകടനം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
ജോണി ആന്റണി, അരുൺ കുര്യൻ, അന്നു അന്റണി,റോഷൻ മാത്യു, അബു സലീം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കിയത് സച്ചിൻ വാര്യരാണ്.