തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം വിജയരാഘവൻ മരിച്ചുവെന്ന വ്യാജ വാര്‍ത്ത നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചു. ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ വിജയരാഘവൻ മരിച്ചുവെന്ന രീതിയിൽ അദ്ദേഹത്തിന്റെ ഫോട്ടോ ഒട്ടിച്ച ആംബുലൻസിന്റെ ചിത്രം സഹിതമാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.

എന്നാൽ ദിലീപ് ചിത്രം രാമലീലയിലെ ഒരു ചിത്രമാണ് വ്യാജവാർത്തയായി പ്രചരിച്ചത്. വാർത്തക്കെതിരെ ഒടുവിൽ നടൻ തന്നെ രംഗത്തെത്തി. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ഡിജിപി ടിപി സെന്‍കുമാറിന് നേരിട്ട് പരാതി നല്‍കി.

വ്യാജ മരണ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കുമെന്ന് ഡിജിപി സെൻകുമാർ അറിയിച്ചു. വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം മുതലാണ് വ്യാജ വാർത്ത ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിക്കാൻ തുടങ്ങിയത്. നേരത്തെ പല നടീ-നടന്‍മാരുടേയും വ്യാജ മരണവാര്‍ത്ത നവമാധ്യമങ്ങള്‍മ വഴി പ്രചരിച്ചിരുന്നു. സലീംകുമാറും ഇന്നസെന്റും മാമുക്കോയയും അടക്കമുള്ളവര്‍ നവമാധ്യമങ്ങളില്‍ ഇത്തരക്കാരുടെ ‘കൊലക്കത്തിയ്ക്ക്’ ഇരയായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ