/indian-express-malayalam/media/media_files/uploads/2023/06/vijay-yesudas.jpg)
Entertainment Desk/ IE Malayalam
മലയാളത്തിലെ പുത്തൻ തലമുറയിലെ ഗായകരിൽ ഏറെ ജനപ്രിയനാണ് വിജയ് യേശുദാസ്. ഒരുപിടി മധുരമനോഹരഗാനങ്ങൾ മലയാളത്തിനായി പാടിയ ഗായകൻ. സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും വിജയ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാചകമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രമായ 'സാൽമൻ ത്രിഡി'യുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയതാണ് വിജയ്. പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ വിജയ് നൽകിയ മറുപടിയാണ് വൈറലാകുന്നത്.
യേശുദാസിന്റെ മകനായി ജനിച്ചതിൽ താൻ യോഗ്യനാണോയെന്ന് അറിയില്ലെന്ന് വിജയ് പറഞ്ഞു. മാത്രമല്ല ഫിലോസഫിക്കൽ എന്ന രീതിയിലും ചില കാര്യങ്ങൾ വിജയ് സംസാരിച്ചു. "ജനിക്കുന്നതിനു മുൻപ് തന്നെ ആത്മാവിന് തന്റെ മാതാപിതാക്കളെ തിരഞ്ഞെടുക്കാനാകും എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെ കുറിച്ച് ആഴത്തിൽ പറയാൻ എനിക്കറിയില്ല. ഇത് മതപാരമായിട്ടൊരു കാര്യമല്ല. ചിലപ്പോൾ ആ ആത്മാവ് കടന്നു പോയ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അച്ഛനമ്മമാരെ തിരഞ്ഞെടുക്കുന്നത്. അവർക്ക് ചിലപ്പോൾ നന്നാവാൻ ഇങ്ങനത്തെ മാതാപിതാക്കൾ വേണമെന്ന് തോന്നിയിട്ടുണ്ടാകും," വിജയ് പറഞ്ഞു.
യേശുദാസ് എന്ന വ്യക്തിയുടെ മകനെന്ന് പറയുമ്പോൾ ചിലർ വിചാരിക്കുന്നത് തനിക്ക് കുറെ പ്രിവിലേജുണ്ടെന്നാണെന്നും വിജയ് കൂട്ടിച്ചേർത്തു. തന്റെ കരിയറിൽ സംഭവിച്ച താഴ്ച്ചകളെ പറ്റിയും വിജയ് സംസാരിക്കുകയുണ്ടായി. മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവനി'ൽ വിജയ് ഒരു വേഷം ചെയ്തിരുന്നു. എന്നാൽ ചിത്രം റിലീസായപ്പോൾ ആ ഭാഗം മാറ്റുകയാണ് ചെയ്തത്.
മൂന്നു തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ മികച്ച ഗായകനുള്ള അവാർഡ് വിജയ് യേശുദാസിനെ തേടിയെത്തിയത്. കോലക്കുഴൽ വിളി കേട്ടോ (നിവേദ്യം), അകലെയോ നീ (ഗ്രാൻഡ് മാസ്റ്റർ), ഈ പുഴയും (ഇന്ത്യൻ റുപ്പി), മലരേ നിന്നെ…. (പ്രേമം), മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ (സ്പിരിറ്റ്), പൂമുത്തോളെ (ജോസഫ്) തുടങ്ങി ഒരുപിടി ഹിറ്റ് ഗാനങ്ങൾ വിജയ് മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.
ഷലീൽ കല്ലൂറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'സാൽമൻ ത്രിഡി.' ജൊണീറ്റ ധോഡ, രാജീവ് പിള്ള, തൻവി കിഷോർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജൂൺ 30 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.