നവംബർ മാസത്തിൽ ഫാൻസ് മീറ്റ് സംഘടിപ്പിച്ച പോലെ ഡിസംബറിലും അതേ രീതി പിന്തുടർന്നിരിക്കുകയാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. ചെന്നൈയിലെ പനയൂരിലെ വസതിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിജയ് മക്കൾ ഇയക്കം ഫാൻ ക്ലബുമായിട്ടായിരുന്നു വിജയ്‌യുടെ കൂടിക്കാഴ്ച്ച.
നിരവധി പേരാണ് വിജയ്‌ക്കൊപ്പം സമയം ചെലവഴിക്കാനായി വസതിയിലെത്തിയത്. ആരാധകർക്കൊപ്പം ചിത്രങ്ങൾക്കായി പോസ് ചെയ്ത വിജയ്‌യുടെ ഫൊട്ടൊകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു ആരാധകനെ എടുത്തുകൊണ്ടാണ് വിജയ് ചിത്രത്തിനായി പോസ് ചെയ്തത്. വിജയ്‌യുടെ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകൾ ഈ ചിത്രത്തിനു താഴെ നിറയുന്നുണ്ട്.
പൊങ്കൽ റിലീസിനെത്തുന്ന ‘വരിസാ’ണ് വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിലെ ‘രഞ്ജിതമെ’ എന്ന ഗാനം ഹിറ്റ് ലിസ്റ്റിലിടം നേടി കഴിഞ്ഞു. വംശീ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 12 നാണ് തിയേറ്ററുകളിലെത്തുന്നത്.