15 years of Vijay’s ‘Ghilli’: വിജയ്യുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ഗില്ലി’. 2004 ഏപ്രില് 17 ന് പുറത്തിറങ്ങിയ ചിത്രം ബോക്സോഫിൽ വമ്പൻ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് 15 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു.
വിജയ്യും തൃഷയും പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ധരണിയാണ്. 2003 ൽ പുറത്തിറങ്ങിയ മഹേഷ് ബാബു നായകനായ തെലുങ്ക് സിനിമ ‘ഒക്കടു’വിന്റെ റീമേക്കായിരുന്നു ‘ഗില്ലി’. തെലുങ്കിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് ധരണി തമിഴിൽ സിനിമ ചെയ്തത്.

പ്രേക്ഷകരും വിജയ് ആരാധകരും
ഏറ്റെടുത്ത ‘ഗില്ലി’
വിക്രമിനെ നായകനാക്കി ചെയ്ത ‘ദിൽ’, ‘ദൂൾ’ എന്നീ രണ്ടു സിനിമകളുടെ അനുഭവ പരിചയം ‘ഗില്ലി’യിലും ധരണിക്ക് ഏറെ സഹായകമായി. ‘ഗില്ലി’യുടെ തിരക്കഥ ധരണിയുടേതായിരുന്നു. തമിഴ് സിനിമാ പ്രേമികൾ ഇഷ്ടപ്പെടുന്നപോലെ ആക്ഷനൊപ്പം കോമഡിയും പ്രണയവും ഒത്തു ചേർന്നുളള തിരക്കഥയായപ്പോൾ ‘ഗില്ലി’ പ്രേക്ഷകരും വിജയ് ആരാധകരും ഒരു പോലെ ഏറ്റെടുത്തു.
കബഡി കളിക്കാരനായ ‘വേലു’ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചത്. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന കഥാപാത്രമാണ് ‘വേലു’. വീട്ടിൽ സഹോദരിയുമായി കുസൃതി കാട്ടുകയും അച്ഛനെ കാണുമ്പോൾ ഭയപ്പെടുകയും ചെയ്യുന്ന ‘വേലു’വിനെ വിജയ് ഭംഗിയായി അവതരിപ്പിച്ചു. ധനലക്ഷ്മി എന്ന കഥാപാത്രത്തെ തൃഷയും മുത്തുപാണ്ടി എന്ന കഥാപാത്രത്തെ പ്രകാശ് രാജും സ്ക്രീനിൽ ഗംഭീരമാക്കി.
ചിത്രത്തിൽ വില്ലൻ കഥാപാത്രമാണ് പ്രകാശ് രാജിനെങ്കിലും ‘ഗില്ലി’യിൽ എന്നും ഓർക്കപ്പെടുന്ന കഥാപാത്രമാണ് മുത്തുപാണ്ടി. പ്രകാശ് രാജിന്റെ ‘ചെല്ലം’ (ധനലക്ഷ്മിയെ മുത്തുപാണ്ടി വിളിക്കുന്നത് ചെല്ലം എന്നാണ്) വിളി സ്റ്റൈൽ പിന്നീട് തമിഴകത്ത് തരംഗമായി.
വിദ്യാസാഗർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഗില്ലിയെ സൂപ്പർ ഹിറ്റാക്കി എന്നുതന്നെ പറയാം. അതിൽ തന്നെ ‘അപ്പടി പോടു’ എന്ന ഗാനം വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തെ സൂപ്പർ ഹിറ്റാക്കി നിർത്തുന്നു.
15 years of Vijay’s ‘Ghilli’: രജനീകാന്തിന്റെ ‘പടയപ്പ’യുടെ ബോക്സോഫീസ് റെക്കോർഡ് ഗില്ലി തകർത്തിരുന്നു. തമിഴകത്ത് 50 കോടി നേടുന്ന ആദ്യ സിനിമയെന്ന റെക്കോർഡും ‘ഗില്ലി’ സ്വന്തമാക്കി. കേരളത്തിലും ബോക്സോഫിസിൽ റെക്കോർഡ് കളക്ഷനാണ് ‘ഗില്ലി’ നേടിയത്. കരിയറിലെ തുടർച്ചയായ പരാജയങ്ങൾക്കു ശേഷമായിരുന്നു ‘ഗില്ലി’യിലൂടെ വിജയ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ ചെയ്തുവെങ്കിലും ‘വേലു’ പോലൊരു കഥാപാത്രം വിജയ്ക്ക് ലഭിച്ചിട്ടില്ല.