തമിഴകത്തെ അടുത്ത സൂപ്പർസ്റ്റാർ സിംഹാസനം ഉറപ്പിക്കുകയാണ് ഇളയദളപതി വിജയ്. ദീപാവലി ചിത്രമായി തിയേറ്ററുകളിലെത്തിയ ‘സർക്കാർ’ താരത്തിന്റെ കരിയറിൽ തന്നെ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെയ്ക്കുന്നുണ്ട്. ആബാലവൃദ്ധം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന വിജയിന് തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. കുട്ടികളിലും കൗമാരക്കാരിലുമൊക്കെ ഏറെ സ്വാധീനം ചെലുത്തുന്ന സൗത്തിന്ത്യൻ താരങ്ങളിലും പ്രമുഖനാണ് വിജയ്. സമാനമായൊരു സംഭവം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് സബ് കളക്ടർ ഉമേഷ് കേശവൻ.
മാനന്തവാടിയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ സിനിമയ്ക്ക് കൊണ്ടുപോയപ്പോഴുള്ള അനുഭവമാണ് ഈ സബ് കളക്ടർ പങ്കുവെക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടിയിലെ ഉൾഗ്രാമങ്ങളിൽ പോലും വിജയ് ആരാധികമാരെ കണ്ടെത്തിയതിന്റെ അത്ഭുതമാണ് ഉമേഷ് കേശവൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാക്കുകളിൽ നിറയുന്നത്. കുട്ടികളെ പോലും സ്വാധീനിക്കുന്ന താരമായി വിജയ് മാറിയിരിക്കുന്നു എന്നാണ് ഉമേഷ് കേശവൻ സാക്ഷ്യപ്പെടുത്തുന്നത്.
” മഹിള സമാഖ്യ ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികളെ ഒരു സിനിമയ്ക്ക് കൊണ്ടുപോവാം എന്നാലോചിച്ചപ്പോൾ ആദ്യം തോന്നിയത്, രജനീകാന്തിന്റെ സയൻസ് ഫിക്ഷൻ ചിത്രം 2.0 വിന് കൊണ്ടുപോവാം എന്നായിരുന്നു. ഹൈലി പൊളിറ്റിക്കൽ ആയ വിജയിന്റെ ‘സർക്കാർ’ എന്ന ചിത്രം ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു. എന്നാൽ വിജയ് ചിത്രം മതിയെന്ന കുട്ടികളുടെ പ്രതികരണം അക്ഷരാർത്ഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു,” സബ് കളക്ടർ തന്റെ ഫെയ്സ്ബുക്ക് പോസ്സിൽ കുറിക്കുന്നു. സിനിമയും താരങ്ങളും യുവാക്കളിലും പുതുതലമുറയിലും ചെലുത്തുന്ന സ്വാധീനം ഏറെയാണെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
‘സർക്കാർ’ എന്ന ചിത്രത്തിലൂടെ രജനീകാന്തിനെയും കമലഹാസനെയും പോലെ രാഷ്ട്രീയ പ്രവേശമാണ് വിജയും ലക്ഷ്യമിടുന്നതെന്ന അഭ്യൂഹങ്ങൾ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാൽ ഇത്തരം അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കാത്ത താരം, സംവിധായകൻ ആറ്റ്ലിയുടെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. എ ആർ റഹ്മാനാണ് ഈ പുതിയ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.