‘ബിഗിൽ’ ബോക്സ് ഓഫീസിൽ വിജയക്കുതിപ്പു നടത്തുമ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കുകളിൽ മുഴുകുകയാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പേരിട്ടില്ലാത്ത ചിത്രത്തിൽ ആൻഡ്രിയ ജെർമിയ നായികയാവുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2020 ഏപ്രിലിൽ റിലീസ് കണക്കാക്കി ഒരുങ്ങുന്ന ഈ മാസ് ചിത്രം വിജയ്‌യുടെ കരിയറിലെ 64-ാമത്തെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്.

ഇതാദ്യമായാണ് ആൻഡ്രിയ വിജയ്ക്കൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടുന്നത്. ആൻഡ്രിയ ചിത്രത്തിലുള്ള കാര്യം നിർമാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എസ്.സേവ്യർ ബ്രിട്ടോയാണ് എക്സ് ബി ക്രിയേറ്റേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.

കാർത്തിയെ നായകനാക്കി സംവിധാനം ചെയ്ത ‘കൈദി’യാണ് ലോകേഷ് ഏറ്റവും അവസാനം ചെയ്ത ചിത്രം. വിജയ് ചിത്രം ‘ബിഗിലി’നൊപ്പം ‘കൈദി’യും തിയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച അഭിപ്രായമാണ് ‘കൈദി’ നേടുന്നത്.

അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിങ്ങും സതീഷ് കുമാർ കലാസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും അണിയറപ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാളവിക മോഹനനും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read more: ബോംബ് ഭീഷണി; നടന്‍ വിജയ്‌യുടെ വീടിനു സുരക്ഷ ശക്തമാക്കി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook