/indian-express-malayalam/media/media_files/uploads/2019/04/vijay.jpg)
വിജയ് സംവിധായകൻ ആറ്റ്‌ലിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ദളപതി 63 എന്നാണ് ചിത്രത്തെ എല്ലാവരും വിളിക്കുന്നത്. ഏതാനും ദിവസം മുൻപ് ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റയാളെ കാണാൻ ആശുപത്രിയിലെത്തിയിരിക്കുകയാണ് വിജയ്. ആശുപത്രിയിലെത്തിയ വിജയ് ഡോക്ടർമാരുമായി സംസാരിച്ചു. പരുക്കേറ്റയാളുടെ ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും താൻ നൽകുമെന്ന് അറിയിച്ചാണ് വിജയ് മടങ്ങിയത്.
Read: വിജയ്‌യും നയൻതാരയും വീണ്ടുമൊന്നിക്കുന്നു; ‘ദളപതി63’ ഷൂട്ടിംഗ് തുടങ്ങി
തെരി, മെർസൽ എന്നീ ചിത്രങ്ങൾക്കുശേഷം വിജയ്‌യെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിജയ്‌യും ആറ്റ്‌ലിയും അവസാനമായി ഒരുമിച്ച ‘മെർസൽ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ദീപാവലിക്ക് ചിത്രം റിലീസിനെത്തുമെന്നാണ് കരുതുന്നത്.
നയൻതാരയാണ് ചിത്രത്തിൽ വിജയിന്റെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് നയൻതാര വിജയിന്റെ നായികയായി എത്തുന്നത്. നേരത്തെ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമാവും ഇതെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. റേബ മോണിക്ക ജോൺ, കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.