കഴിഞ്ഞ മാര്‍ച്ച്‌ 16 മുതല്‍ നടന്നു വരുന്ന സമരത്തിന്‍റെ ഭാഗമായി തമിഴ് സിനിമാ രംഗം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ച മട്ടിലാണ്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ (ടി എഫ് പി സി)യും ഡിജിറ്റല്‍ പ്രൊവൈഡര്‍മാരും തമ്മിലുള്ള വൈരുധ്യങ്ങളാണ് സമരത്തിനു അടിസ്ഥാനം. പുതിയ ചിത്രങ്ങളുടെ റിലീസ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അവതാളത്തിലാണ്.

സാഹചര്യങ്ങള്‍ ഇങ്ങനെയിരിക്കെ, വിജയ്‌യുടെ പുതിയ ചിത്രമായ ‘ദളപതി 62’  ഇന്ന് ഷൂട്ടിംഗ് ആരംഭിച്ചു. ജെ എസ് കെ ഫിലിം കോര്‍പറേഷന്‍ എന്ന നിര്‍മ്മാണക്കമ്പനിയുടെ ജെ സതീഷ്‌ കുമാര്‍ ഈ വിഷയത്തെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി അപലപിച്ചു.

“നടന്‍ വിജയ്‌യുടെ ഷൂട്ടിംഗ് ഇപ്പോള്‍ വിക്ടോറിയ ഹാളില്‍ നടക്കുന്നു. നമ്മുടെ ഐക്യം എവിടെ? ഇതിനു കൗണ്‍സില്‍ എങ്ങനെ അനുവാദം കൊടുത്തു? ഇതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. നമ്മള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടാകാന്‍ പാടില്ല”, തമിഴ്നാട് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിനെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചതിങ്ങനെ.

ഇതിനെത്തുടര്‍ന്ന്, തമിഴ്നാട് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ സെക്രട്ടറി ദുരൈരാജ് ‘ദളപതി 62’ന് ചിത്രീകരണാനുമതി നല്‍കിയതിന്‍റെ കാരണങ്ങള്‍ വിശദമാക്കിക്കൊണ്ട് പത്രക്കുറിപ്പിറക്കി. ചെന്നൈയില്‍ നടക്കുന്ന ഷൂട്ടിംഗുകള്‍ മാര്‍ച്ച്‌ 16 മുതലും ചെന്നൈയ്ക്ക് പുറത്തു നടക്കുന്ന ഷൂട്ടിംഗുകള്‍ മാര്‍ച്ച്‌ 23 മുതലും നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സിനിമകളുടെ കാര്യത്തില്‍, പ്രത്യേകിച്ച് ചിത്രീകരണം ഏതാണ്ട് തീര്‍ന്നു വരുന്നവയുടെ കാര്യത്തില്‍ ചില ‘എക്സെപ്ഷ’നുകള്‍ ഉണ്ടാകും എന്നും തീരുമാനിച്ചിരുന്നു. അല്ലാത്ത പക്ഷം നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകും എന്നത് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും കുറിപ്പില്‍ അറിയിച്ചു.

thalapathy 62

“പല നിര്‍മ്മാതാക്കളും ഞങ്ങളെ സമീപിക്കുന്നുണ്ട്, ചിത്രീകരണം നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം അല്പം കൂടി നീട്ടി വയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്. അക്കൂട്ടത്തില്‍ പെട്ടവരാണ് ‘ദളപതി 62’ന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സും. ചെന്നൈയിലെ ഷൂട്ടിംഗ് എല്ലാം മാര്‍ച്ച്‌ 16ന് നിര്‍ത്തിയതിനു ശേഷമാണ് ഇവരുടെ ഈ ആവശ്യങ്ങള്‍ കൗണ്‍സില്‍ പരിഗണിച്ചത്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദളപതി 62’ കൂടാതെ മറ്റു മൂന്ന് ചിത്രങ്ങള്‍ക്കും ചിത്രീകരണാനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച്‌ 24 വരെ മദുരയില്‍ ‘നാടോടിഗള്‍ 2’ എന്ന ചിത്രവും, ചെന്നൈ ഈസ്റ്റ്‌ കോസ്റ്റ് റോഡില്‍ സെറ്റ് ഇട്ടു ചിത്രീകരിക്കുന്ന 18th ക്രോസ് പിക്ചേര്‍സിന്‍റെ സിനിമയുടെ ബാക്കി ഭാഗവും, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന്‍റെ ഡല്‍ഹിയിലുള്ള ഒരു ദിവസത്തെ ഷൂട്ടിംഗിനായുള്ള നിര്‍മ്മാതാവ് ആന്റോ ജോസഫ്‌ നല്‍കിയ അപേക്ഷയും കൗണ്‍സില്‍ അംഗീകരിച്ചതായി ദുരൈരാജ് അറിയിച്ചു.

“ഹൈദരാബാദില്‍ നിന്നും സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്, സണ്‍ പിക്ചേര്‍സിന്‍റെ സിനിമയ്ക്ക് വേണ്ടി. അവര്‍ക്കൊപ്പമുള്ള ടീമിലെ ഏതാണ്ട് 30 % പേരും ഇതിനു വേണ്ടി അവിടെ നിന്ന് വന്നവരാണ്. ഷെഡ്യൂള്‍ തീരാറായി താനും. കഴിഞ്ഞ നാല് ദിവസത്തെ ആലോചനയ്ക്ക് ശേഷമാണ് ഷൂട്ടിംഗ് അനുവദിക്കാന്‍ തീരുമാനമായത്.”, കൗണ്‍സില്‍ ഏകപക്ഷീയമായിട്ടല്ല തീരുമാനങ്ങള്‍ എടുക്കുന്നത് എന്നടി വരയിട്ടു കൊണ്ട് ദുരൈരാജ് വെളിപ്പെടുത്തി.

‘ദളപതി 62’ന് വേണ്ടി സ്റ്റണ്ട് മാസ്റ്റര്‍മാര്‍ രാം-ലക്ഷമന്‍ എന്നിവര്‍ ചെന്നൈയിലെ വിക്ടോറിയ ഹാളില്‍ പണിത കൂറ്റന്‍ സെറ്റില്‍ ചിത്രത്തിന്‍റെ ഒരു സുപ്രധാന ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണം നടത്തുകയാണ്. എ ആര്‍ മുരുഗദാസാണ് ‘ദളപതി 62’ സംവിധാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ