നിര്‍മ്മാതാക്കളോട് ക്ഷുഭിതനായി മക്കള്‍ സെല്‍വൻ വിജയ് സേതുപതി. ജീവ നായകനായ ചിത്രം ‘കീ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സംഘടനാ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരസ്പരം വഴക്കിട്ട നിര്‍മ്മാതാക്കളോടാണ് സേതുപതി ദേഷ്യപ്പെട്ടത്. ആദ്യം പരിപാടിയില്‍നിന്ന് ഇറങ്ങിപോകാന്‍ തുടങ്ങിയ സേതുപതിയെ ചുറ്റിനുമുള്ള മറ്റുള്ളവര്‍ ചേര്‍ന്നാണ് ശാന്തനാക്കിയത്.

പിന്നീട് സംസാരിച്ച വിജയ് സേതുപതി നിര്‍മ്മാതാക്കളുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു. സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പൊതു യോഗത്തിലാണ്. അതിനുള്ള അവസരമായി സ്വകാര്യ യോഗങ്ങളെ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയപ്പോള്‍ നിര്‍മ്മാതാക്കളുടെ സംഘടനാ യോഗത്തിനാണോ സിനിമയുടെ ഓഡിയോ ലോഞ്ചിനാണോ വന്നതെന്ന് അത്ഭുതപ്പെട്ടു പോയെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നും സേതുപതി അഭിപ്രായപ്പെട്ടു.

‘സിനിമാക്കാരെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ മോശമായ ധാരണകളുണ്ടാക്കാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകും. സിനിമയുമായി ബന്ധപ്പെട്ട ആളുകള്‍ ഓരോരുത്തരും കഷ്ടപ്പെട്ടാണ് സിനിമ വിജയിപ്പിക്കുന്നത്. വിജയിച്ച ആളുകളെ മാത്രമേ സിനിമാ ഇന്‍ഡസ്ട്രി ബഹുമാനിക്കുകയുള്ളു. നിങ്ങള്‍ എത്ര വലിയ താരമാണെങ്കിലും നാല് പടം അടുപ്പിച്ചു പൊട്ടിയാല്‍ പിന്നെ നിങ്ങളുടെ സ്ഥാനം ഇന്‍ഡസ്ട്രിയ്ക്കു പുറത്താണ്. അതുകൊണ്ട് നമുക്ക് പരസ്പര ബഹുമാനത്തോടെ സംസാരിക്കാം’ വിജയ് സേതുപതി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ