ജയറാമും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാര്‍ക്കോണി മത്തായി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സേതുപിതിയും ജയരാമും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. സനിൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം പ്രേംചന്ദ്രൻ എ.ജിയാണ് നിർമ്മിക്കുന്നത്. സത്യം ഓഡിയോസ്, സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിക്കുന്ന മറ്റൊരു പ്രത്യേകത.

ഇതുവരെ ഒറ്റ മലയാളചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് വിജയ് സേതുപതി. അഭിനയപ്രതിഭയാൽ ഭാഷകളുടെ അതിരുകൾക്ക് അപ്പുറത്തേക്ക് വളർന്ന താരത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും നല്ല സ്വീകാര്യതയുണ്ട്. ’96’ എന്ന ചിത്രം തമിഴ്‌നാടിനൊപ്പം തന്നെ കേരളത്തിലും വലിയ ഹിറ്റായിരുന്നു. അതുുകൊണ്ടു തന്നെ സേതുപതിയുടെ മലയാള അരങ്ങേറ്റത്തെ പ്രതീക്ഷയോടെയാണ് ആരാധകർ വരവേൽക്കുന്നത്.

വിജയ്‌ സേതുപതി നായകനാകുന്ന ‘സീതാക്കാതി’ എന്ന ചിത്രം ഇന്ന് റിലിസീനെത്തുകയാണ്. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റിന് ശേഷം സംവിധായകൻ ബാലാജി തരണീധരനും സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് ‘സീതാക്കാതി’. വിജയ് സേതുപതിയുടെ 25-ാമത്തെ ചിത്രം എന്ന സവിശേഷതയും ‘സീതാക്കാതി’യ്ക്ക് ഉണ്ട്. ചിത്രത്തിൽ ഒരു എണ്‍പതുകാരന്റെ വേഷമാണ് സേതുപതി കൈകാര്യം ചെയ്യുന്നത്. ‘അയ്യാ’ എന്നെല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് വിജയ്‌ സേതുപതിക്ക് ചിത്രത്തില്‍. കലയെ സ്നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് സേതുപതിയുടെ മേക്ക് ഓവർ ചെയ്തിരിക്കുന്നത്. നാല് മണിക്കൂറോളം സമയമെടുത്താണ് ഓരോ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിയതെന്ന് വിജയ് സേതുപതി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ