രജനീകാന്തിന്റെ ചിത്രത്തിന് തമിഴ് മക്കളുടെ കാത്തിരിപ്പ് എന്നു പറഞ്ഞാല്‍ അതൊരു ഒന്നൊന്നര കാത്തിരിപ്പാണ്. വിജയ് സേതുപതിയുടെ ചിത്രത്തിനും ആരാധകര്‍ എന്നും അക്ഷമരാണ്. അപ്പോള്‍ ഇരുവരും ഒരുമിച്ചൊരു ചിത്രം വന്നാലോ? അതെ അങ്ങനെയൊരു ചിത്രമാണ് അടുത്തത്. കാര്‍ത്തിക് സുബ്ബരാജിന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതിയും രജനീകാന്തും ഒന്നിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റൈല്‍മന്നന്‍ രജനിക്ക് വില്ലനാകാന്‍ മക്കള്‍ സെല്‍വന്‍ എത്തി. ഇരുവരും ആദ്യമായി ഒന്നിക്കുന്നത് തങ്ങളുടെ ചിത്രത്തിലൂടെയാണെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് സണ്‍ പിക്ചേഴ്സ് സോഷ്യൽ മീഡിയിലൂടെ അറിയിച്ചു.

ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും തമ്മിലുള്ള ഉഗ്രന്‍ കോംബിനേഷന്‍ ആരംഭിച്ചത്. പിന്നീട് പിസ എന്ന ചിത്രത്തിലും ജിഗര്‍തണ്ടയിലും ഇരുവരും കൈകോര്‍ത്തു. ഇരൈവിയിലും സേതുപതി പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു.

പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സണ്‍പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. നിലവില്‍ മണിരത്‌നത്തിന്റെ ചെക്ക സിവന്ത വാനം എന്ന ചിത്രത്തിന്റെ തിരക്കിലാണ് സേതുപതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ