നഷ്ടപ്രണയത്തിന്റെ വിങ്ങലോടെ ഏറെ പ്രിയപ്പെട്ട രണ്ടു പേർ പിരിഞ്ഞു പോകുന്നതിന് സാക്ഷിയായി നെഞ്ചിലൊരു ഭാരവുമായി പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങിയതിന്റെ രണ്ടാം വാർഷികമാണ് ഇന്ന്. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിൽ എത്തിയ ’96’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ട് രണ്ടു വർഷം തികഞ്ഞു എന്നത് തീർത്തും അവിശ്വസനീയം! കാരണം ഇപ്പോഴും ’96’ ഉയർത്തിയ അലയൊലികൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.

’96’ റിലീസിന്റെ രണ്ടാം വാർഷികത്തിൽ ജാനുവിനെയും റാമിനെയും സ്നേഹപൂർവം ഓർക്കുകയാണ് തൃഷയും വിജയ് സേതുപതിയും.

തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോൾ ബോക്സ് ഓഫീസിൽ പ്രതീക്ഷകൾക്ക് അപ്പുറത്തുള്ള​ വിജയമാണ് ചിത്രം നേടിയത്. 2018 ൽ​ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു ’96’.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ’96’ന്റെ കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിച്ചത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ടായിരുന്നു. 96ന് പകരം 99 എന്നായിരുന്നു പേര്. 99 സംവിധാനം ചെയ്തത് പ്രീതം ഗുബ്ബിയാണ്. തെലുങ്കിൽ സാമന്തയായിരുന്നു തൃഷയുടെ വേഷം ചെയ്തത്.

’96’ന്റെ തെലുങ്ക്‌ പതിപ്പിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് നായിക സാമന്ത നടത്തിയ ഒരു പ്രസ്താവന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ’96’ റിലീസ് ചെയ്ത വേളയില്‍ ‘ഇതിന്റെ തെലുങ്ക്‌ പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോ?’ എന്ന് സാമന്തയോട് ഒരാള്‍ ചോദിച്ചിരുന്നു. അതിനു മറുപടിയായി അവര്‍ പറഞ്ഞത് ‘ഈ ചിത്രം ഒരിക്കലും റീമേക്ക്’ ചെയ്യപ്പെടാന്‍ പാടില്ല എന്നാണ്. ഇതിന്റെ പശ്ചാത്തലതില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ തെലുങ്ക്‌ പതിപ്പ് നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് അന്ന് സംസാരിച്ചത് എന്നും പിന്നീടു അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ‘കണ്‍വിന്‍സ്’ ചെയ്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ദില്‍ രാജു ഈ വിഷയത്തിൽ പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook