scorecardresearch

കൈയ്യടി നേടി വിജയ് സേതുപതി ചിത്രം ’96’

അടുത്തിടെയിറങ്ങിയ ഏറ്റവും ഹൃദയസ്പർശിയായ, കരുത്തുള്ള സിനിമ എന്നാണ് പ്രേക്ഷകർ 96 നെ വിശേഷിപ്പിക്കുന്നത്

കൈയ്യടി നേടി വിജയ് സേതുപതി ചിത്രം ’96’

അതിമനോഹരമായ പാട്ടും വിഷ്വലുകളും പെർഫോമൻസും ഡയലോഗുകളും വൈകാരിക നിമിഷങ്ങളുമൊക്കെയായി ആദ്യദിനം തന്നെ പ്രേക്ഷക ശ്രദ്ധയും കൈയ്യടിയും നേടുകയാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം ’96’. അടുത്തിടെയിറങ്ങിയ ഏറ്റവും ഹൃദയസ്പർശിയായ, ഏറെ വൈകാരിക നിമിഷങ്ങളുള്ള, കരുത്തുള്ള സിനിമ എന്നാണ് പ്രേക്ഷകർ 96 നെ വിശേഷിപ്പിക്കുന്നത്. തൃഷയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ് 96 ലേത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

96 ൽ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ’96’നുണ്ട്. ചിത്രത്തിൽ ഒരു​ ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും 96 ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളിയായ പ്രേം കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

96 movie thrisha vijay sethupathi

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍.ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് പി.മേനോനാണ് 96 ന്റെ സംഗീതമൊരുക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസ് ആണ് നിർമാണം.

“പുറത്തിറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നോർത്ത് ആദ്യമായി ഉള്ളിൽ ഭയം തോന്നുന്നു,” എന്ന് ചിത്രത്തെ കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചിരുന്നു. എന്നാൽ ചിത്രം തിയേറ്റർ ഏറ്റെടുത്തു കഴിഞ്ഞു എന്ന റിപ്പോർട്ടാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. മുൻപ് സിനിമയുടെ ട്രെയിലറും പാട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവിന്ദ് പി.മേനോൻ സംഗീതം നിർവ്വഹിച്ച ‘കാതലേ കാതലേ’ എന്നു തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vijay sethupathi trisha 96 tamil movie theater response

Best of Express