സിനിമകൾക്കൊപ്പം തന്നെ പലപ്പോഴും നായികയോ നായകനോ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹിറ്റായി മാറാറുണ്ട്. കഥാപാത്രങ്ങളോട് തോന്നുന്ന ഇഷ്ടം അവർ ധരിക്കുന്ന വസ്ത്രങ്ങളോടും ആക്സസറീസിനോടും കൂടിയായി മാറും. പ്രിയപ്പെട്ടവർ ധരിക്കുന്ന വസ്ത്രങ്ങളോട്, അവരുടെ പെർഫ്യൂമിനോട് ഒക്കെ തോന്നുന്ന ഭ്രമം പോലെയൊന്നാണ് ഇതും.

അതു പോലൊരു മഞ്ഞ കുർത്തയാണ് ഇപ്പോൾ കഥയിലെ താരം. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ചു വിജയമാക്കിയ ’96’.

വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ ജാനുവും റാമും ചെന്നൈ നഗരഹൃദയത്തിലൂടെ അലഞ്ഞു തീർത്ത ആ രാത്രിയ്ക്കൊപ്പം പ്രേക്ഷകരും പ്രണയമഴ നനഞ്ഞു. തിയേറ്റർ വിട്ടിറങ്ങിയപ്പോഴും ജാനുവിനും റാമിനുമൊപ്പം കൂടെ പോന്നൊരിഷ്ടമാണ് പലർക്കും ഇന്ന് ആ ‘മഞ്ഞ കുർത്ത’.

നഷ്ടപ്രണയിനിയായ ജാനുവിനൊപ്പം തൃഷ ധരിച്ച മഞ്ഞ കുർത്തയേയും നെഞ്ചിലേറ്റുകയാണ് ഫാഷൻ ലോകം. ദീപാവലി ഫാഷൻ വിപണിയിൽ ആ കളർ പാറ്റേണിലുള്ള കുർത്തയ്ക്ക് ഡിമാന്റ് ഏറുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

നായികയ്ക്ക് കഷ്ടിച്ച് മൂന്നു കോസ്റ്റ്യൂമുകൾ മാത്രമുള്ള സിനിമയുടെ മിക്ക സീനിലും തൃഷ നിറഞ്ഞു നിന്നത് മസ്റ്റഡ് യെല്ലോ നിറത്തിലുള്ള ആ പിൻ ടക്ക് കുർത്തയിലായിരുന്നു. കുർത്തയ്ക്കൊപ്പം ആങ്കിൾ ലെങ്ങ്ത്ത് ജീൻസും ബ്ലൂ- ബെയ്ജ് കളർ കോമ്പിനേഷനിലുള്ള സിൽക്ക് സ്റ്റോളും ധരിച്ച് അതീവ സുന്ദരിയായിട്ടാണ് തൃഷ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

ജീവിതത്തിലെ അവിസ്മരണീയമായൊരു കണ്ടുമുട്ടലിനു ശേഷം റാമും ജാനുവും പിരിയുമ്പോൾ, ഓർമ്മകളുടെ പെട്ടിയിലേക്ക് ആ ദിവസത്തിന്റെ ഓർമ്മയ്ക്കായ് റാം എടുത്തു സൂക്ഷിക്കുന്നതും ആ മഞ്ഞ കുർത്ത തന്നെ.

ആ കോസ്റ്റ്യൂം ഇത്രയേറെ ശ്രദ്ധ നേടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ’96’ ന്റെ കോസ്റ്റ്യൂം ഡിസൈനറായ ശുഭശ്രീ കാർത്തിക് വിജയ് പറയുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ഫാഷൻ ഡിസൈനിംഗ് പൂർത്തിയാക്കിയ ശുഭശ്രീയാണ് ’96’നു വേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. രണ്ടര പതിറ്റാണ്ടിലേറെ നീളുന്ന സംവിധായകൻ സി പ്രേംകുമാറുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ’96’ നു വേണ്ടി ആദ്യമായി കോസ്റ്റ്യൂം ഡിസൈനറുടെ വേഷം ശുഭശ്രീ അണിഞ്ഞത്.

“മഞ്ഞ ഒരു ഹാപ്പി കളർ ആയതുകൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. ആ കുർത്ത തൃഷയുടെ മുഖത്തിന് കൂടുതൽ ബ്രൈറ്റ്നസ്സ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും രാത്രിസീനുകളിൽ തിളക്കത്തോടെ നിൽക്കുകയാണ് ആ കോസ്റ്റ്യൂം. നായികയ്ക്ക് സിമ്പിൾ ആയ ഡ്രസ്സ് മതി എന്നായിരുന്നു പ്രേമിന്റെ നിർദ്ദേശം. നായിക ഒരു എൻആർഐ ആയതു കൊണ്ട് ഡ്രസ്സുകളും ആക്സസറീസും ബ്രാൻഡഡ് തന്നെയാവട്ടെ എന്ന രീതിയിലാണ് അത്തരമൊരു കോസ്റ്റ്യൂം തിരഞ്ഞെടുത്തത്,” ‘ഹിന്ദു’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ശുഭശ്രീ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook