നഷ്ടപ്രണയത്തിന്റെ വിങ്ങലോടെയും ഏറെ പ്രിയപ്പെട്ട രണ്ടുപേർ പിരിഞ്ഞുപോവുന്നതിന് സാക്ഷിയായും തിയേറ്റർ വിട്ടിറങ്ങിയ ’96’ പ്രേക്ഷകരിൽ ചിലരെങ്കിലും കൊതിച്ചിരിക്കും, മറ്റൊരു ശുഭകരമായ ക്ലൈമാക്സ് ചിത്രത്തിനുണ്ടായിരുന്നെങ്കിൽ എന്ന്. ചിത്രത്തിന്റെ മറ്റൊരു ക്ലൈമാക്സ് സാധ്യത കൂടി കാണിച്ചു തരികയാണ് ’96’ ലെ റാമായി പ്രേക്ഷകരുടെ ഹൃദയം കവർന്ന മക്കൾ സെൽവൻ വിജയ് സേതുപതി. ചിത്രത്തിന്റെ 100-ാം ദിവസ ആഘോഷം നടക്കുന്ന വേദിയിലായിരുന്നു സംഭവം.

നൂറാം ദിന വിജയാഘോഷത്തിൽ സംസാരിക്കുന്നതിനിടെ നടൻ പാർത്ഥിവനാണ് വിജയ് സേതുപതിയേയും തൃഷയേയും സ്റ്റേജിലേക്ക് ക്ഷണിച്ചത്. ചിത്രത്തിൽ ഒരു തവണ പോലും കെട്ടിപ്പിടിക്കാത്ത ജാനുവും റാമുവും ഇപ്പോൾ വേദിയിൽ വെച്ച് കെട്ടിപ്പിടിക്കും, ഞാൻ കൂടെ നിൽക്കാം, നിങ്ങൾ ധൈര്യമായി വരൂ എന്ന മുഖവുരയോടെയാണ് പാർത്ഥിവൻ ഇരുവരെയും സ്റ്റേജിലേക്ക് ആനയിച്ചത്. സ്റ്റേജിലെത്തിയ വിജയ് സേതുപതി തൃഷയെ ആലിംഗനം ചെയ്തു. “ഇതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്, എല്ലാവരും കണ്ടില്ലേ?” എന്ന് കുസൃതിയോടെ സദസ്സിനോട് ചോദിക്കാനും വിജയ് സേതുപതി മറന്നില്ല.

നൂറാം ദിന ആഘോഷങ്ങളുടെ വീഡിയോ യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ പബ്ലിഷ് ചെയ്യപ്പെട്ട വീഡിയോയ്ക്ക് താഴെ ’96’ ഫാൻസിന്റെ കമന്റുകളും ലൈക്കുകളും നിറയുകയാണ്. തുടക്കത്തിലെ സാമ്പത്തിക പ്രതിസന്ധികളെ ഒക്കെ അതിജീവിച്ച് 2018 ഒക്ടോബർ നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

View this post on Instagram

Our RAM and JAANU At #100thDaycelebrationof96

A post shared by Vijay Sethupathi FC (@vijaysethupathii) on

ദീപാവലിച്ചിത്രമായി ചിത്രം സൺടിവിയിൽ പ്രദർശിപ്പിച്ചത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കുമോ​ എന്ന ആശങ്കകൾ ഇടയ്ക്ക് ഉയർന്നിരുന്നു. ദീപാവലിയ്ക്ക് ചിത്രം ടെലിവിഷനിൽ പ്രദർശിപ്പിച്ച് തിയേറ്ററിൽ വിജയകരമായി ഓടുന്ന ഒരു ചിത്രത്തിനെ ഇല്ലാതാക്കരുതെന്ന അഭ്യർത്ഥനകളുമായി നടി തൃഷയും രംഗത്തു വന്നിരുന്നു. എന്നാൽ ടെലിവിഷൻ പ്രീമിയറിനു ശേഷവും ’96’ തിയേറ്ററുകളിൽ ഹൗസ് ഫുളായി ഓടികൊണ്ടിരിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഇപ്പോൾ ചിത്രം തിയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്.

Read more: ഒരു സൂപ്പര്‍ ഹിറ്റിന്റെ ഓര്‍മ്മയ്ക്ക്‌: ’96’ സംവിധായകന് വിജയ്‌ സേതുപതിയുടെ സ്നേഹസമ്മാനം

ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്. ’96’ന്റെ കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. തെലുങ്കിൽ സാമന്തയാണ് തൃഷയുടെ വേഷം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook