ഗജ കൊടുങ്കാറ്റ് വിതച്ച ദുരന്തത്തിൽ ആടിയുലഞ്ഞ തമിഴ്നാടിന് സഹായമെത്തിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് തമിഴ് സിനിമയുടെ ‘മക്കൾ സെൽവൻ’ വിജയ് സേതുപതി.
കെട്ടിടങ്ങള്‍ തകര്‍ത്തും മരങ്ങള്‍ കടപുഴക്കിയും ഗജ കൊടുങ്കാറ്റ് തമിഴ്നാട്ടില്‍ താണ്ഡവം തുടങ്ങിയപ്പോൾ ഒട്ടും വൈകാതെ സഹായഹസ്തം നീട്ടിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. കൊടുങ്കാറ്റിൽ ദുരിതം ബാധിച്ചവർക്കായി തൊട്ടടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ അയയ്ക്കുകയും ദുരിതാശ്വാസത്തിനായി പത്തുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്ത പിണറായി വിജയന്റെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നുവെന്നാണ് വിജയ് സേതുപതി പറയുന്നത്.
“കൊടുങ്കാറ്റു നാശം വിതച്ച അടുത്ത ദിവസം തന്നെ അവശ്യ സാധനങ്ങള്‍ അയച്ചു തന്നത് കൂടാതെ, ഞങ്ങളുടെ സങ്കടത്തെ തുടച്ചു കളയാനായി ഇപ്പോള്‍ പത്തു കോടി രൂപ ദുരിതാശ്വാസനിധിയായും തരും എന്നറിയിച്ച കേരള മുഖ്യമന്ത്രി തോഴന് പിണറായി വിജയന്റെ സാഹോദര്യത്തിന് എന്റെ സന്തോഷവും നന്ദിയും അറിയിച്ചു കൊള്ളുന്നു,” തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വിജയ് സേതുപതി പറയുന്നു.
അടിയന്തര സഹായങ്ങൾക്കൊപ്പം ആവശ്യവസ്തുക്കളും മരുന്നുകളും അയച്ചതിനു പുറമെ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി തമിഴ്നാട്ടിലേക്ക് കെഎസ്ഇബി ജീവനക്കാരെയും മുഖ്യമന്ത്രി അയച്ചിരുന്നു.
മുൻപ്, ഗജ ചുഴലിക്കാറ്റില്‍ ജീവനും ജീവിതവും തകര്‍ന്ന തമിഴ് ജനതയെ സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമല്‍ഹാസനും ആവശ്യപ്പെട്ടിരുന്നു. ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാരമായ രീതിയില്‍ ബാധിക്കുകയും ആളുകളുടെ ജീവനും സ്വത്തും കവരുകയും ചെയ്തിരുന്നു. കേരള സര്‍ക്കാരും കേരളത്തിലെ ജനങ്ങളും തമിഴ്നാടിനെ സഹായിക്കണമെന്നും സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കണമെന്നും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്നും കമല്ഹാസന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
വിജയ് സേതുപതിയും കമൽഹാസനും അടക്കമുള്ള തമിഴിലെ നിരവധി താരങ്ങൾ കേരളം പ്രളയ ദുരിതത്തെ നേരിട്ട സമയത്ത് കേരള സര്‍ക്കാരിന്റെ ദുരിതാശ്വസ നിധിയിലേക്കും സംഭാവന നൽകിയിരുന്നു.