ഏതാനും ദിവസങ്ങൾക്കുമുൻപ് വിജയ് സേതുപതിയും സിമ്പുവും ഒന്നിച്ചുളളൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിജയ് സേതുപതിക്ക് സിമ്പു ഭക്ഷണം വായിൽ കൊടുക്കുന്നതിന്റെ ചിത്രമായിരുന്നു അത്. മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളളതായിരുന്നു ചിത്രം.
സിമ്പു ഭക്ഷണം നൽകാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി വ്യക്തമാക്കിയിരിക്കുകയാണ്. ബിഹൈൻഞ്ഞ്‌വുഡ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ കഥ വിജയ് സേതുപതി വിവരിച്ചത്.
‘സിമ്പു എന്നെ നിർബന്ധിപ്പിച്ച് കഴിപ്പിക്കുകയായിരുന്നു. ഞാൻ വേണ്ടെന്നു പറഞ്ഞിട്ടും സിമ്പു നിർബന്ധപൂർവ്വം എനിക്ക് ഭക്ഷണം നൽകി. ഞാൻ പറയുന്നതൊന്നും കേൾക്കാനുളള മൂഡിൽ അല്ലായിരുന്നു സിമ്പു. ഭക്ഷണം നൽകുന്നതിന്റെ ഫോട്ടോ എടുക്കരുതെന്ന് സിമ്പുവിനോട് അഭ്യർത്ഥിച്ചു. പക്ഷേ സിമ്പു അത് കേൾക്കാതെ ഫോട്ടോയെടുത്തു. പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. സിമ്പുവിനൊപ്പവും വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു’, വിജയ് സേതുപതി പറഞ്ഞു.
ചെക്ക ചിവന്ത വാനത്തിന്റെ ഷൂട്ടിങ് സെറ്റിൽനിന്നുളള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ സന്തോഷ് ശിവന്‍റെ ക്യാമറയില്‍ പലപ്പോഴായി പതിഞ്ഞ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് സന്തോഷ് ശിവന്‍ ഈ സ്റ്റില്‍സ് ചിത്രീകരിച്ചിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിൽ താരങ്ങളുടെ വൻനിര തന്നെയുണ്ട്. അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, സിമ്പു, അരുൺ വിജയ്, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നീ താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കു പുറമേ പ്രകാശ് രാജ്, ത്യാഗരാജൻ, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്. എ.ആർ.റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സന്തോഷ് ശിവനാണ് ക്യാമറ.
ഫഹദ് ഫാസിലിനെയും സിനിമയിൽ ഒരു പ്രധാന വേഷത്തിനായി പരിഗണിച്ചിരുന്നു. എന്നാൽ ഫഹദ് സിനിമയിൽനിന്നും പിന്മാറി. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം വൈകുന്നതാണ് സിനിമയിൽനിന്നും ഫഹദ് പിന്മാറാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഫഹദ് പിന്മാറിയതോടെയാണ് ആ അവസരം അരുൺ വിജയ്‌യെ തേടിയെത്തിയത്.
കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തിയത് അതിഥി റാവു ഹൈദരിയായിരുന്നു.