രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് തമിഴ്നാട് ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ടെങ്കിലും ഔദ്യോഗികമായി ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല. മാത്രമല്ല രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടുമില്ല. താൻ രാഷ്ട്രീയത്തിൽ വരണമെന്ന് ദൈവം തീരുമാനിച്ചാൽ അതു നടക്കുമെന്നായിരുന്നു ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രജനീ വ്യക്തമാക്കിയത്.

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നുളള ഉലകനായകൻ കമൽഹാസൻ പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകളും കമൽഹാസൻ നേരത്തെ നൽകിയിരുന്നു. എങ്കിലും തന്റെ രാഷ്ട്രീയപ്രവേശനം കമൽഹാസൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

രജനീകാന്തും കമൽഹാസനും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞത് ഇങ്ങനെ: ”ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും രാഷ്ട്രീയത്തിൽ വരാനുളള അവകാശമുണ്ട്. ജനങ്ങൾക്കുമേൽ സ്നേഹവും കരുണയും ഉളള ആർക്കുവേണമെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാം. ഇതിൽ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്നു മനസ്സിലാകുന്നില്ല. രജനിക്കും കമലിനും വരാം”. തന്റെ പുതിയ ചിത്രമായ കറുപ്പന്റെ വാർത്താസമ്മേളനത്തിലായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ