മക്കൾ സെൽവൻ വിജയ് സേതുപതി ആരാധകരെ വീണ്ടും വീണ്ടും അതിശയിപ്പിക്കുകയാണ്. അടുത്തിടെ അംഗവൈകല്യമുളള തന്റെ ആരാധകനൊപ്പം സെൽഫി പകർത്താനായി വിജയ് സേതുപതി നിലത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആരാധകർ ആവശ്യപ്പെട്ടതിനാൽ സ്റ്റേജിൽ നിലത്ത് ഇരുന്നിരിക്കുന്നു വിജയ് സേതുപതി.
തന്റെ പുതിയ ചിത്രമായ ‘ഒരു നല്ല നാൾ പാത്തു സൊൽറേൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയതായിരുന്നു വിജയ് സേതുപതി. സ്റ്റേജിൽനിന്നിരുന്ന വിജയ് സേതുപതിയോട് നിലത്തിരുന്ന് തങ്ങളോട് സംസാരിക്കാൻ ആരാധകർ ആവശ്യപ്പെടുന്നുവെന്ന് അവതാരിക പറഞ്ഞു. ഉടൻ തന്നെ വിജയ് സേതുപതി ഒട്ടും ആലോചിക്കാതെ നിലത്തിരുന്നു. ചിത്രത്തിലെ മറ്റൊരു നടനായ ഗൗതം കാർത്തിക് അടക്കമുളളവരും വിജയ് സേതുപതി പറഞ്ഞതുകേട്ട് നിലത്തിരുന്നു. തങ്ങൾ പറഞ്ഞതുപോലെ വിജയ് സേതുപതി നിലത്തിരുന്നപ്പോൾ വൻ കരഘോഷമായിരുന്നു സദസ്സിൽ നിന്നുയർന്നത്.
നിലത്തിരുന്ന വിജയ് സേതുപതി ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.