തമിഴകത്തെ ശ്രദ്ധേയരായ താരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി ഇന്ന്. വേറിട്ടൊരു വഴിയിലൂടെ സഞ്ചരിച്ച് തന്റേതായൊരിടം ഉണ്ടാക്കിയെടുത്ത നടൻ. താൻ തന്റെ ചിത്രങ്ങളെ കുറിച്ച് അമിത പ്രതീക്ഷകൾ കൊണ്ടു നടക്കാറില്ലെന്നും വിജയ പരാജയങ്ങളെ ഒരുപോലെ നോക്കി കാണാനാണ് ശ്രമിക്കുന്നതെന്നും വിജയ് സേതുപതി പറയുന്നു. “എനിക്ക് സന്തോഷം നൽകുന്ന അല്ലെങ്കിൽ അഭിമാനം നൽകുന്ന ചിത്രമാണോ എന്നു മാത്രമാണ് ഞാൻ നോക്കുന്നത്. വിജയവും പരാജയവും ലാഭവും നഷ്ടവും സന്തോഷവും അസന്തുഷ്ടിയുമെല്ലാം ഒരേ പോലെയാണ് ഞാൻ പരിഗണിക്കുന്നത്,” ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.

‘പന്നിയ്യാരം പദ്മിനി’, ‘സേതുപതി’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം വിജയ് സേതുപതി സംവിധായകൻ എസ് യു അരുൺ കുമാറുമായി കൈകോർക്കുന്ന ‘സിന്ധുബാദ്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അരുണിനൊപ്പം മൂന്നാമത്തെ തവണയാണ് വിജയ് സേതുപതി ഒരുമിക്കുന്നത്.

“സേതുപതിയുടെ വിജയത്തിനുശേഷം അരുണും ഞാനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു. അരുണുമായി എനിക്കൊരു പ്രത്യേക അടുപ്പമുണ്ട്. എനിക്ക് ഒരു സഹോദരനെ പോലെയാണ്. സിന്ധുബാദിന്റെ രൂപരേഖ ഏതാണ്ട് പത്തോളം അഭിനേതാക്കളുടെ അടുത്ത് അവൻ സംസാരിച്ചിട്ടുണ്ട്, അതിനു മുൻപെ എനിക്കറിയാമായിരുന്നു അത്. ഭാര്യയും ഭർത്താവും തമ്മിലുള്ള മനോഹരമായൊരു വൈകാരിക ബന്ധമാണ് സിന്ധുബാദിൽ പറയുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചിത്രം നടക്കാതെ പോയപ്പോഴാണ്, എന്തുകൊണ്ട് എനിക്ക് ചെയ്തു കൂടാ എന്നു ഞാനാലോചിക്കുന്നത്. സത്യം പറഞ്ഞാൽ, സിനിമയുടെ ഡബ്ബിംഗ് തുടങ്ങും വരെ അരുൺ ചിത്രത്തിന്റെ മുഴുവൻ കഥയും എന്നോട് പറഞ്ഞിരുന്നില്ല. സിന്ധുബാദിൽ ഞാൻ ആവേശഭരിതനായ മറ്റൊരു കാരണം യുവൻ ശങ്കർ രാജയാണ്. ഞാൻ ഇളയരാജ സാറിന്റെ കടുത്ത ആരാധകനാണെങ്കിലും എനിക്ക് യുവന്റെ സംഗീതത്തോട് പ്രത്യേക താൽപ്പര്യമുണ്ട്,” വിജയ് സേതുപതി കൂട്ടിച്ചേർക്കുന്നു

” എത്രയോ വർഷങ്ങളായി എന്റെ കുടുംബത്തെ, പ്രത്യേകിച്ചും മകനെയും മകളെയും സ്റ്റാർഡത്തിന്റെയും സിനിമയുടെയും ലോകത്തിൽ നിന്നും അകറ്റി നിർത്താൻ ഞാൻ ശ്രമിച്ചിരുന്നു. മകൻ സൂര്യയേയും സിനിമയിലേക്ക് കൊണ്ടുവരണമെന്നത് എന്റെ തീരുമാനമായിരുന്നില്ല. ‘നാനും റൗഡി താനി’ൽ അവനെ കണ്ട് അരുൺ ആണ് അവനെ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്. ആ കഥാപാത്രത്തിന് സൂര്യ യോജിക്കുമെന്ന് അരുണിന് തോന്നി. എന്നാൽ ഒരു പിതാവെന്ന നിലയിൽ ഞാൻ ഭയപ്പെടുകയും അരുണിനോട് ഒന്നു കൂടി ആലോചിക്കാൻ പറയുകയുമാണ് ചെയ്തത്. കാരണം പ്രശസ്തിയും സമ്മർദ്ദവും കൈകാര്യം ചെയ്യാൻ മാത്രം പക്വത അവനില്ലെന്ന് ഞാനും ഭാര്യയും കരുതിയിരുന്നു. ഞാൻ വേറെ കുട്ടിയെ നോക്കാൻ ശ്രമിച്ചുവെങ്കിലും അരുൺ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. സെറ്റിൽ പലതവണ എനിക്ക് സൂര്യയുടെ അടുത്ത് അലറേണ്ടി വന്നു. പക്ഷേ അരുൺ ക്ഷമയോടെ നിന്നു. സൂര്യയ്ക്ക് അരുണിനെ വലിയ ഇഷ്ടമാണ്, തിരിച്ചുമതെ.” മകന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് വിജയ് സേതുപതി പറയുന്നു.

ഗ്രേഡുകളേക്കാളും മാർക്കിനേക്കാളും ജീവിത പാഠങ്ങളാണ് പ്രധാനമാണെന്നാണ് ഞാൻ കരുതുന്നതെന്നും വിജയ് സേതുപതി പറയുന്നു. “ജീവിതമെന്നത് പുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറമാണെന്ന് ഞാൻ മകനോട് പറയാറുണ്ട്.”

‘സംഘതമിഴൻ’ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതിയുടെ മകളും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്. “സംഘതമിഴനിൽ മകളും ചെറിയൊരു വേഷം അഭിനയിക്കുന്നുണ്ട്. മകനെ മാത്രം അഭിനയിക്കാൻ അനുവദിച്ചുവെന്ന് മകൾക്ക് തോന്നരുതല്ലോ,” ചിരിയോടെ വിജയ് സേതുപതി പറയുന്നു.

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നൽകുന്ന ചിത്രങ്ങൾ ചെയ്യുക എന്നതാണ് തനിക്ക് പ്രധാനമെന്നും സേതുപതി വിശദമാക്കുന്നു. ” അന്നും ഇന്നും സിനിമകളുടെ എണ്ണമല്ല എനിക്ക് പ്രധാനം. ഞാനൊരു സിനിമ തിരഞ്ഞെടുക്കുന്നു, ചെയ്യുന്നു, മുന്നോട്ട് പോകുന്നു. ഒരു നടനെന്ന രീതിയിൽ ഞാൻ സംവിധായകനെ സംതൃപ്തിപ്പെടുത്തുന്നു. അദ്ദേഹത്തിനു വേണ്ടത് നൽകുന്നു. വിജയപരാജയങ്ങൾ ബാധിക്കാതെ മുന്നോട്ടു പോവുക എന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ചില പടങ്ങളൊക്കെ ശരാശരി ആണെന്നറിയാം. പക്ഷേ അവ മോശം സിനിമകളായിരുന്നില്ല, ഞാനൊരു മോശം നടനുമല്ല,” ചിരിയോടെ അദ്ദേഹം പറഞ്ഞു.

” പലപ്പോഴും ലളിതമായ കാര്യങ്ങൾ ചെയ്യാനാണ് ബുദ്ധിമുട്ട്. കാര്യങ്ങൾ അനായേസേന എന്ന പോലെ ചെയ്യുന്നതിന് ഞാൻ എത്രമാത്രം പരിശ്രമിക്കുന്നുവെന്ന് എനിക്കറിയാം. അതേസമയം, ഞാൻ ഓവർ ആക്കില്ലെന്ന ബോധവുമുണ്ട്. ഓരോ സിനിമയിലും, എന്റെ മുൻ ചിത്രങ്ങളിൽ നിന്നും നിന്ന് വ്യത്യസ്തമായി എനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഞാൻ വിശകലനം ചെയ്യാറുണ്ട്. അതുവഴി പ്രേക്ഷകർക്ക് എത്രത്തോളം ആസ്വദിക്കാനാവുമെന്നും. ഇതെല്ലാം എന്റെ അന്വേഷണങ്ങളിലൂടെ പഠിക്കുന്ന കാര്യങ്ങളാണ്. നോക്കൂ, അഭിനയം എന്നു പറഞ്ഞാൽ പ്രതികരിക്കൽ ആണ്. നിങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് താനും. നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ടെങ്കിൽ അത് എളുപ്പമാകും. അത് നിങ്ങളുടെ ജോലിയിൽ പ്രതിഫലിക്കും. ആ പ്രക്രിയ വിശദീകരിക്കൽ എളുപ്പമല്ല,” തന്റെ അഭിനയത്തെയും നിരീക്ഷണങ്ങളെയും കുറിച്ച് വിജയ് സേതുപതി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook