ദളപതി വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു മാസ്റ്റർ. ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു വിജയ് സേതുപതിക്ക്. ഇന്ന് സിനിമ റിലീസ് ചെയ്ത് ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ സിനിമയുടെ ചിത്രീകരണ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിജയ് സേതുപതി.
സിനിമയുടെ ക്ലൈമാക്സിൽ വിജയ്‌യും വിജയ് സേതുപതിയും തമ്മിലുള്ള സംഘട്ടന രംഗത്തിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇരുവരും നേർക്കുനേർ നോക്കുന്നതും പരസ്പരം ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ സിനിമ ജനുവരി 13ന് പൊങ്കൽ റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്. വിജയ്ക്കൊപ്പം വിജയ് സേതുപതിയും മാളവിക മോഹനുമെല്ലാം കൈകോർത്ത ഈ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ നേടി. ചിത്രത്തിലെ ‘വാത്തി കമ്മിങ്’ എന്ന ഗാനം ഹിറ്റായിരുന്നു.
മദ്യപാനിയായ പ്രൊഫസർ ജോൺ ദുരൈരാജ് (വിജയ്) ജുവനൈൽ കറക്ഷൻ സെന്ററിൽ അധ്യാപകനായി എത്തുന്നതും അവിടെ വച്ച് ഭവാനി (വിജയ് സേതുപതി) എന്ന ഗുണ്ടാനേതാവുമായി ഏറ്റുമുട്ടുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്. ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു.
Read More: ‘വാത്തി കമിങ്ങി’ന് ചുവടുവച്ച് വിജയ് സേതുപതി-വീഡിയോ