ജീവിതം നല്‍കിയ പ്രതിസന്ധികളോട് പോരാടി ഇന്ത്യന്‍ ജനതയുടെ തന്നെ അഭിമാനമായി മാറിയ ഗോമതി മാരിമുത്തുവിന് സമ്മാനവുമായി ‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തുവിന്റെ കഷ്ടതകള്‍ കേട്ടറിഞ്ഞ വിജയ് സേതുപതി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനിച്ചത്.

രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് 800 മീറ്റര്‍ ഓടിയിട്ടുള്ള കസഖ്സ്ഥാന്‍ താരം മാര്‍ഗരിറ്റയേയും ചൈനയുടെ വാങ് ചുന്‍ യുവിനേയും പിന്നിലാക്കിയായിരുന്നു ഗോമതിയുടെ സ്വര്‍ണ നേട്ടം. എന്നാല്‍ ഈ നേട്ടത്തോടൊപ്പം ലോകത്തോട് വിളിച്ചു പറയാന്‍ ഗോമതിക്കുണ്ടായിരുന്നത് തന്റെ ജീവിതത്തിലെ കഷ്ടതകളായിരുന്നു.

ഈ ജീവിതം കേട്ടറിഞ്ഞ വിജയ് സേതുപതി അഞ്ചുലക്ഷം രൂപയാണ് ഗോമതിക്ക് സമ്മാനിച്ചത്. ഷൂട്ടിങ് തിരക്കിനായതിനാല്‍ ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ വഴിയാണ് തുക കൈമാറിയത്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കി.

Read More: ജാതിയും മതവും പറഞ്ഞു വരുന്നവർക്ക് വോട്ട് കൊടുക്കരുത്; വിജയ് സേതുപതിയുടെ പ്രസംഗം വൈറലാവുന്നു

ഏറെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടേയും നടുവില്‍ നിന്നാണ് ഗോമതി ഓട്ടം തുടങ്ങിയത്. സ്വര്‍ണ നേട്ടത്തിലൂടെയായിരുന്നു ജീവിത്തതോട് മറുപടി പറഞ്ഞതും. അച്ഛനായിരുന്നു തന്റെ ഏറ്റവും വലിയ കരുത്തെന്നാണ് സ്വര്‍ണ നേട്ടത്തിനു ശേഷം മാധ്യമങ്ങളോട് ഗോമതി പറഞ്ഞത്.

‘വാഹനാപകടത്തില്‍ പരുക്കേറ്റതോടെ അച്ഛന് നടക്കാന്‍ തന്നെ ബുദ്ധിമുട്ടായി. അച്ഛന്റെ അടുത്ത് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. അതായിരുന്നു ആകെയുള്ള ആശ്വാസം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് പരിശീലനത്തിന് പോകുമ്പോള്‍ ഈ സ്‌കൂട്ടറായിരുന്നു ഏക സഹായം. ബസ് സ്റ്റോപ്പ് വരെ അച്ഛന്‍ ഈ സ്‌കൂട്ടറില്‍ കൊണ്ടുവിടും”

തനിക്ക് നല്ല ഭക്ഷണം തരാനും തന്റെ ആരോഗ്യ പരിപാലനത്തിനു വേണ്ടിയും അച്ഛന്റെ ഭക്ഷണം പോലും അദ്ദേഹം തനിക്കായി മാറ്റി വച്ചിരുന്നെന്നും, കന്നുകാലികള്‍ക്ക് കൊടുക്കുന്ന തവിട് കഴിച്ചായിരുന്നു അച്ഛന്‍ വിശപ്പടക്കിയിരുന്നെന്നും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗോമതി പറഞ്ഞത്.

‘പലപ്പോഴും ആകെ കുറച്ച് ഭക്ഷണമുണ്ടായിരുന്നത്. അഞ്ച് പേരുള്ള കുടുംബത്തിന് ഇത് തികയുമായിരുന്നില്ല. പരിശീലനത്തിന് പോകുന്നതിനാല്‍ എനിക്ക് കൂടുതല്‍ ഭക്ഷണം ആവശ്യമായിരുന്നു. അതും പോഷകാഹാരം. ഞാന്‍ പരിശീലനത്തിന് പോകുമ്പോള്‍ അച്ഛന്‍ എനിക്കുള്ള ഭക്ഷണം എടുത്തുവെക്കും. പലപ്പോഴും അച്ഛന് കഴിക്കാന്‍ ഒന്നുമുണ്ടാകില്ല. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ വെച്ച തവിട് കഴിച്ചാകും അച്ഛന്‍ വിശപ്പകറ്റുക. ആ വേദന ഇന്നും എന്റെ ഉള്ളിലുണ്ട്. ട്രാക്കില്‍ നില്‍ക്കുമ്പോഴെല്ലാം അത് ഓര്‍മ്മിയലെത്തും. ഈ നിമിഷത്തില്‍ എന്റെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ദൈവം തന്നെയാണ് അച്ഛന്‍,’ ഗോമതിയുടെ വാക്കുകള്‍ എല്ലാവരേയും കണ്ണീരണിയിക്കുന്നതായിരുന്നു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വര്‍ഷമായി ബെംഗളുരുവില്‍ ഇന്‍കം ടാക്‌സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതിയുടേത്.

പ്രകടനത്തില്‍ പുരോഗതിയില്ലെന്നു പറഞ്ഞ് മൂന്നു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഗോമതി. എന്നാല്‍ താന്‍ പോരാ എന്നു പറഞ്ഞ അതേ പരിശീലകന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പരിശീലനം ആരംഭിച്ചപ്പോള്‍ ഈ സ്വര്‍ണ നേട്ടം ഗോമതിയും പ്രതീക്ഷിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook