തനതായ അഭിനയശൈലിയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംനേടിയ നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് തമിഴ് മക്കള്‍ വിജയ് സേതുപതിയെ വിളിക്കുന്നത്. കഥാപാത്രമാകാന്‍ ഏതറ്റംവരെയും പോകുമെന്നതാണ് ഈ നടന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ ചിത്രമായ ‘സീതാകാത്തി’ യില്‍ എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് ബാലാജി തരണീധരനാണ്. ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ചിത്രത്തിലെ വിജയ്‌യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി കഴിഞ്ഞ മാസം വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയം വേണ്ടിവന്നു മേക്കപ്പ് പൂര്‍ത്തിയാക്കാന്‍. പിന്നീട് ഒരുമണിക്കൂര്‍ സമയമെടുത്ത ശേഷമാണ് മേക്കപ്പ് അഴിച്ചത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അര്‍ച്ചനയാണ്. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാകാത്തി’യിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook