‘വിജയ് ഒരു കഥൈ സൊല്ലെട്ടുമാ’ വിക്രംവേദയിലെ പഞ്ച് ഡയലോഗിലൂടെയാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍ തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിയെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചത്. ഏഷ്യാവിഷൻ പുരസ്കാര ദാന ചടങ്ങിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. വിജയ് സേതുപതിക്ക് പുരസ്കാരം നല്കാന് വേദിയില്‍ എത്തിയതായിരുന്നു മഞ്ജു വാര്യര്‍.
താരസമ്പന്നമായിരുന്നു പത്തൊൻപതാമത് ഏഷ്യാവിഷൻ ഫിലിം അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നു. മലയാളത്തിൽ നിന്നും എം.ടി.വാസുദേവൻ നായർ, ദുൽഖർ സൽമാൻ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാരിയർ, മംമ്ത മോഹൻദാസ് തുടങ്ങിയവരും തമിഴിൽ നിന്നും വിജയ് സേതുപതിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
‘ഇവിടെയുള്ള എല്ലാവരെയും പോലെ തന്നെ ഞാനും വിജയ്യുടെ ഒരു ഫാനാണ്. താങ്കളുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. താങ്കള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു’ മഞ്ജു പറഞ്ഞു. സ്വന്തം നാട്ടിലുള്ളവര്‍ സ്നേഹിക്കുന്നത് കാണുന്നതിനേക്കാള്‍ സന്തോഷമാണ് അയല്‍നാട്ടുകാര്‍ സ്നേഹിക്കുന്നത് കാണുമ്പോള്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. മഞ്ജു വാര്യരെ ഏറെ സ്നേഹിക്കുന്ന താന്‍ ആദ്യമായാണ് നേരില്‍ കാണുന്നതെന്നും പറഞ്ഞു.
വേദിയില്‍ അവതാരകര്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന് മോഹന്‍ലാലാണോ മമ്മൂട്ടിയാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. മോഹന്‍ലാലിന്റെ തന്മാത്രയിലെ അഭിനയം കണ്ട് താന്‍ തകര്‍ന്നു പോയെന്നും ജീവിതത്തിലൊരിക്കലെങ്കിലും അതുപോലെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. തന്മാത്രയില് മോഹന്‍ലാല്‍ ഓഫീസും വീടും പരസ്പരം തിരിച്ചറിയാതെ അര്‍ദ്ധനഗ്നനായി നടക്കുന്ന സീനില്‍ അസാധ്യ പ്രകടനമാണെന്ന് വിജയ് വിലയിരുത്തി.
രാജമാണിക്യത്തിലെ മമ്മൂട്ടിയുടെ അഭിനയവും പകരംവയ്ക്കാൻ കഴിയാത്തതാണെന്നും ഫഹദിന്റേയും ദുൽഖർ സൽമാന്റേയും മികച്ച അഭിനയമാണെന്നും വിജയ് കൂട്ടിച്ചേർത്തു.