‘തല’ അജിത്‌ കുമാറിന്‍റെ 58-ാം ചിത്രമായ ‘വിശ്വാസ’ത്തില്‍ വിജയ്‌ സേതുപതിയും. ട്വിറ്ററില്‍ വിജയ്‌ സേതുപതി തന്നെയാണ് ‘തല’യുമായി ആദ്യമായി കൈകോര്‍ക്കുന്ന വിവരം പങ്കുവച്ചത്. താന്‍ വളരെ എക്സൈറ്റടാണ് അന്നും വിജയ്‌ സേതുപതി കുറിച്ചു.

സൂപ്പര്‍ ഹിറ്റായ ‘വിവേഗ’ത്തിനു ശേഷം അജിത് – ശിവ (സംവിധായകന്‍) കൂട്ടുകെട്ടിന്‍റെ തുടർച്ചയായ നാലാമത്തെ ചിത്രമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ശിവ സംവിധാനം ചെയ്ത അജിത് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചതിനാൽ നാലാമത്തെ ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്. ‘വീരം’, ‘വേതാളം’, ‘വിവേഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ശിവ വിശ്വാസവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

സംവിധായകന്‍ ശിവയ്ക്കൊപ്പം അജിത്‌

വ്യാഴാഴ്ച ഭാഗ്യദിനമായാണ് ശിവ കരുതുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളും പ്രഖ്യാപിച്ചതും തിയേറ്ററിലെത്തിയതും വ്യാഴാഴ്ചകളിലാണ്. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാൻ വ്യാഴാഴ്ച തന്നെയാണ് തമിഴകത്തെ സ്റ്റാർ സംവിധായകൻ തിരഞ്ഞെടുത്തത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തല അജിത്തും തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2007ലെ ‘ബില്ല’, 2008ലെ ‘ഏഗന്‍’, 2013ലെ ‘ആരംഭം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ‘വിശ്വാസ’ത്തിലാണ് തല അജിത്തിന്‍റെ നായികയായി നയൻതാര എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയായി എത്തുമെന്ന വാർത്തകൾ വലിയ തോതിൽ ചലച്ചിത്ര മേഖലയിൽ പടർന്നിരുന്നു, അതിനെയെല്ലാം മാറ്റി മറിച്ചു കൊണ്ടാണ് നയൻതാരയുടെ രംഗപ്രവേശം.

വിവേഗത്തിന്‍റെ നിർമ്മാതാക്കളായ സത്യജ്യോതി ഫിലിംസ് തന്നെയാകും ഈ ചിത്രത്തിനും പണം മുടക്കുക. 2018 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച ‘വിശ്വാസ’ത്തിനു സംഗീതം നല്‍കുന്നത് ഡി.ഇമ്മാന്‍ ആണ്.

2018 ദീപാവലി സമയത്ത് ചിത്രം റിലീസ് ചെയ്യാനാണ് സത്യജ്യോതി ഫിലിംസ് തയ്യാറെടുക്കുന്നത്.

നവാഗതനായ അരുണ്‍മുഗ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു നല്ല നാള്‍ പാത്ത് സൊൽറേന്‍’ ആണ് വിജയ്‌ സേതുപതിയുടെ വരാനിരിക്കുന്ന ഒരു ചിത്രം. വിജയ്‌ സേതുപതിക്കൊപ്പം ഗൗതം കാര്‍ത്തിക്കും നായകപ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിഹാരിക കോണിഡേല, രമേഷ് തിളക് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വിജയ്‌ സേതുപതി എട്ട് വ്യത്യസ്ത ലുക്കുകളില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ള ചിത്രം ഒരു കോമഡി ഡ്രാമയാണ്. ‘പന്നൈയാറും പത്മിനി’യും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Vijay Sethupathi

ഇത് കൂടാതെ ‘സീതാകതി’ എന്നൊരു ചിത്രവും വിജയ്‌ സേതുപതിയുടേതായി തയ്യാറാവുന്നുണ്ട്. തന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ ‘സീതാകാതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ തന്‍റെ 40-ാം പിറന്നാളുമായി ബന്ധപ്പെട്ടു വിജയ്‌ സേതുപാതി റിലീസ് ചെയ്തിരുന്നു. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ്‌ സേതുപതി എത്തുന്നത്‌. വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്‌ ഓസ്കാര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook