വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഭാരത സർക്കാറിന്റെ പഞ്ചവത്സര പദ്ധതിയായ സ്വച്ഛ്ഭാരത് മിഷന്റെ പരസ്യബോർഡുകളും പരസ്യചിത്രങ്ങളുമാണ് നാടെങ്ങും. അതിനിടയിൽ സ്വന്തം ജീവിതത്തിൽ തന്നെ ശുചിത്വപാഠങ്ങൾ പകർത്തി മാതൃകയാവുകയാണ് ഹനീഫ സാറ എന്ന കൊച്ചുമിടുക്കി. സൺ ടിവിയിൽ ‘നമ്മ ഒരു ഹീറോ’ എന്ന പരിപാടിയിലൂടെ വിജയ് സേതുപതിയാണ് ഏഴുവയസ്സുകാരിയായ ഹനീഫ സാറയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. “ഇന്നത്തെ അതിഥി വളരെ ചെറിയ കുട്ടിയാണെങ്കിലും നമ്മൾ മുതിർന്നവർക്ക് ഹനീഫയെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്,” എന്ന മുഖവുരയോടെയായിരുന്നു വിജയ് സേതുപതിയുടെ പരിചയപ്പെടുത്തൽ.

വെല്ലൂർ ജില്ലയിലെ ആമ്പൂരിലെ ഹെയ്സാനുള്ള, മെഹനിൻ ദമ്പതികളുടെ മകളാണ് രണ്ടാം ക്ലാസ്സുകാരിയായ ഹനീഫ സാറ. വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തതിന്റെ പേരിൽ സ്വന്തം അച്ഛനെതിരെ പരാതി നല്‍കിയാണ് ഈ മിടുക്കികുട്ടി വാർത്തകളിൽ ഇടം പിടിച്ചത്. വെറുതെ പരാതി കൊടുക്കുക മാത്രമല്ല, വീട്ടിൽ ടോയ്‌ലറ്റ് എന്ന സ്വപ്നം പൂർത്തീകരിക്കുകയും ചെയ്തു ഹനീഫ. ഹനീഫയുടെ കഥ അറിഞ്ഞതോടെ കളക്ടർ എസ്.എ. രാമൻ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ഹനീഫയുടെ വീട്ടിൽ ശൗചാലയം നിർമ്മിച്ചു നൽകി. ഒപ്പം ശൗചാലയങ്ങൾ ഇല്ലാത്ത ചുറ്റുവട്ടത്തുള്ള നൂറോളം വീടുകളിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കാനും കളക്ടർ തയ്യാറായി. ആമ്പൂർ നഗരസഭയുടെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഹനീഫ ഇന്ന്.

“ശൗചാലയം ഉപയോഗിക്കണം വീടിനു പുറത്ത് പോകരുത് എന്നൊക്കെ സ്കൂളിൽ പഠിപ്പിക്കുന്നു. ടിവി പരസ്യങ്ങളിലും അതു തന്നെ കാണുന്നു. വീട്ടിൽ വന്ന് അതേ തെറ്റുതന്നെ ചെയ്യുമ്പോൾ എനിക്ക് ഷെയിം ആയി,” എന്തിനാണ് അച്ഛനെതിരെ പരാതി നൽകിയത് എന്ന വിജയ് സേതുപതിയുടെ ചോദ്യത്തിന് ഹനീഫ മറുപടി പറഞ്ഞതിങ്ങനെ.

അച്ഛനെതിരെ പരാതി കൊടുക്കുന്ന കാര്യം ഹനീഫ ആദ്യം പറഞ്ഞത് ഉമ്മ മെഹനിനോടാണ്. മെഹനിൻ മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ കുഞ്ഞുകുട്ടിയല്ലേ, പാതിവഴി പോയി തിരിച്ചുവരുമെന്ന വിശ്വാസത്തിൽ ഹനീഫയെ മെഹനിൻ തടഞ്ഞില്ല. എന്നാൽ വീട്ടിൽ നിന്നും തന്നെ പരാതി തയ്യാറാക്കിയായി ഉറച്ച തീരുമാനത്തോടെയായിരുന്നു ഹനീഫയുടെ പൊലീസ് സ്റ്റേഷനിലേക്കുള്ള പോക്ക്. പരാതിയുമായെത്തിയ ഏഴുവയസ്സുകാരിയെ കണ്ട് എസ് ഐ വലർമതിയും അമ്പരന്നു.

Read more: ഞാൻ ലാലേട്ടന്റെ പെരിയഫാൻ: വിജയ് സേതുപതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook