തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോൾ ബോക്സ് ഓഫീസിൽ പ്രതീക്ഷകൾക്ക് അപ്പുറത്തുള്ള​ വിജയമാണ് ചിത്രം നേടിയത്. 2018 ൽ​ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു ’96’.

മനോഹരമായൊരു ചിത്രം തനിക്കു സമ്മാനിച്ച പ്രിയ സംവിധായകന് സ്നേഹസമ്മാനമായി റോയൽ​ എൻഫീൽഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്നു ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് മക്കൾ സെൽവൻ സമ്മാനിച്ചത് എന്നാണ് തമിഴകത്തു നിന്നു വരുന്ന വാർത്ത. ‘0096’ എന്നതാണ് ബുളളറ്റിന്റെ രജിസ്ട്രേഷൻ നമ്പർ എന്നത് മക്കൾ സെൽവന്റെ സമ്മാനത്തിന് ഇരട്ടിമധുരം സമ്മാനിക്കുന്നു. ബുള്ളറ്റ് പ്രേമി കൂടിയായ വിജയ് സേതുപതിയുടെ ഈ സമ്മാനത്തെ നെഞ്ചോട് ചേർക്കുകയാണ് പ്രേം കുമാറും.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രം തമിഴിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ’96’ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയിൽ ഒരുങ്ങുകയാണ്. ’96’ന്റെ കന്നഡ പതിപ്പിൽ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. തെലുങ്കിൽ സാമന്തയാണ് തൃഷയുടെ വേഷം ചെയ്യുന്നത്.

Read more: ’96’ കന്നഡയിലേക്കെത്തുമ്പോള്‍ തൃഷയുടെ വേഷം ഭാവനയ്ക്ക്

ചിനു രാമസ്വാമി സംവിധാനം ‘മാമനിതൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് വിജയ് സേതുപതി ഇപ്പോൾ. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജനുവരി അവസാന ആഴ്ചകളിൽ താരം കേരളത്തിലെത്തിയിരുന്നു. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഒന്ന്. ചിനു രാമസ്വാമിയുടെയും വിജയ് സേതുപതിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘മാമനിതൻ’. മലയാളി താരം മണികണ്ഠൻ ആചാരിയും ചിത്രത്തിലുണ്ട്. ലുങ്കിയും കാക്കിയുടുപ്പുമണിഞ്ഞ തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന മണികണ്ഠന്റെ ചിത്രവും ആലപ്പുഴ ലൊക്കേഷൻ ചിത്രങ്ങളും ഇന്റർനൈറ്റിൽ വൈറലായിരുന്നു. ഷൂട്ടിംഗ് കാണാനെത്തിയവർക്കൊപ്പം സെൽഫിയെടുത്തും കെട്ടിപ്പിടിച്ചുമൊക്കെ വിജയ് സേതുപതി മലയാളി ആരാധകരെ മുഴുവൻ കയ്യിലെടുക്കുന്ന കാഴ്ചകൾക്കാണ് സമൂഹമാധ്യമങ്ങൾ സാക്ഷിയായത്. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലും മാരാരികുളത്തുമായിരുന്നു പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Read more: ആലപ്പുഴയിൽ നിന്നും വിജയ് സേതുപതിയ്ക്ക് ഒപ്പം മണികണ്ഠൻ ആചാരി

സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ‘മാമനിതൻ’. ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook