സാരിയുടുത്ത് വാർമുടി വെച്ച് സഹതാരം ഗായത്രിയ്ക്ക് ഒപ്പം മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ‘സൂപ്പർ ഡീലക്സി’ന്റെ ലൊക്കേഷനിലാണ് സേതുപതിയുടെയും ഗായത്രിയുടെയും തകർപ്പൻ ഡാൻസ്. ‘ഇങ്ങനെയാണ് ഞങ്ങൾ കഥാപാത്രങ്ങളായി മാറുന്നത്,” എന്ന ക്യാപ്ഷനോടെ വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള രസകരമായ ലൊക്കേഷൻ മുഹൂർത്തങ്ങൾ ഗായത്രി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
‘സൂപ്പർ ഡീലക്സി’ലെ തന്റെ കഥാപാത്രമായ ശിൽപ്പയുടെ അതേ കോസ്റ്റ്യൂമിലാണ് വീഡിയോയിലും സേതുപതിയെ കാണാൻ സാധിക്കുക. ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രമായാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്തിരുന്നു.
‘ആരണ്യകാണ്ഡം’ എന്ന ‘പാത്ത് ബ്രേക്കിങ്’ സിനിമയ്ക്ക് ശേഷം എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ത്യാഗരാജന് കുമാരരാജ ഒരുക്കിയ ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. നാല് കഥകള്‍ ഒരുമിച്ചു വരുന്ന ആന്തോളജി ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. വിജയ് സേതുപതിയ്ക്ക് ഒപ്പം ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ, സാമന്ത അക്കിനേനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
Read more: സൂപ്പർ ഡീലക്സ്’ ഇനിയും കാണാത്തവർക്ക്, നഷ്ടമാകുന്നത് വെറുമൊരു സിനിമ മാത്രമല്ല
വിജയ് സേതുപതിയ്ക്ക് ഒപ്പം ഗായത്രി അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിർ’, ‘ഒരു നല്ല നാളാ പാത്തു സൊൽറേൻ’, ‘സീതാക്കാത്തി’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സേതുപതിയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിട്ട താരമാണ് ഗായത്രി. അണിയറയിൽ ഒരുങ്ങുന്ന സീനു രാമസ്വാമി ചിത്രം ‘മാമനിതനി’ലും ഗായത്രിയാാണ് സേതുപതിയുടെ നായികയായി എത്തുന്നത്. ചിത്രത്തിൽ ഒരു ഒാട്ടോ ഡ്രൈവറുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്.
ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ‘ധര്‍മദുരൈ’, ‘തെന്മേര്ക്ക് പരുവക്കാറ്റ്’, ‘ഇദം പൊരുള്‍ എവള്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും സീനു രാമസാമിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘മാമനിതൻ’.