മുഖം പോലും കൊടുക്കാതെ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കാണികളുടെ ഹൃദയത്തിലേക്ക് അലക്ഷ്യമായി അയാള്‍ നടന്നുകയറി. സിനിമ തുടങ്ങി ഏകദേശം അര മണിക്കൂര്‍ ആവാനിരിക്കെയുണ്ടായ വേദയുടെ എന്‍ട്രിയില്‍ അക്ഷരാര്‍ത്ഥത്തില്‍ തിയറ്റര്‍ ആരവം കൊണ്ട് പൊട്ടിത്തെറിച്ചു. പറഞ്ഞത് തല അജിത്തിനെ കുറിച്ചല്ല, കോളിവുഡിലെ രാജാക്കന്മാരുടെ പട്ടികയിലൊന്നും ഇടംപിടിക്കാത്ത വിജയ് സേതുപതിയാണ് വിഷയം.

ഒരു അഭിനേതാവിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകം സ്റ്റാര്‍ഡം ആകുന്ന തമിഴ് സിനിമാ ഇന്‍ഡസ്ട്രിയുടെ ശീലങ്ങളെ തച്ചുടച്ചാണ് സേതുപതിയുടെ യാത്ര. 13 വര്‍ഷം മുമ്പാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്കുളള സേതുപതിയുടെ വരവ്. പല സിനിമകളിലും വളരെ ചെറിയ റോളുകളില്‍ അദ്ദേഹം മുഖം കാട്ടി. പല സംവിധായകരുടെ വീടിന് പുറത്തും പല പോസുകളിലുളള ഫോട്ടോകളുമായി അവസരം തേടി ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. രാത്രി ഏറെ വൈകി മാത്രമാണ് വീട്ടിലേക്ക് മടങ്ങുക. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് വീട്ടുകാര്‍ കരുതാന്‍ വേണ്ടി മാത്രമാണ് വൈകുവോളം കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങാറുളളത്.

വിജയങ്ങളുമായി സിനിമയില്‍ പിടിച്ചു നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. അത്രത്തോളം പ്രധാനപ്പെട്ടത് തന്നെയാണ് ഒരിക്കല്‍ വിജയം നുണഞ്ഞ അതേ ഫോര്‍മുല വെച്ച് അടുത്ത വിജയം തേടലും. എന്നാല്‍ സേതുപതിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുക്കലുകള്‍ തന്നെയാണ്. വായാടിയായ വൃദ്ധന്‍ മുതല്‍ സ്നേഹമുള്ളൊരു വില്ലന്‍ വരെയുളള കഥാപാത്രങ്ങളെ അമ്പരിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമേയം കൈവിട്ട് പോയാലും കഥാപാത്രമായി ജീവിക്കുന്ന സേതുപതി നിരാശപ്പെടുത്താറില്ല.

Read More : അഭിമുഖത്തിനിടെ മൈക്ക് വലിച്ചൂരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി- വിഡിയോ

പിസ എന്ന ചിത്രത്തിലെ മൈക്കള്‍ എന്ന കഥാപാത്രവും നടുവില കൊഞ്ചം പാക്കാത കാനം എന്ന പ്രേകുമാര്‍ ചിത്രത്തിലെ ഓര്‍മ്മ നഷ്ടപ്പെട്ട യുവാവിനേയും ചുവടുവെപ്പില്‍ തന്നെ സേതുപതി ഭദ്രമായി കൈകാര്യം ചെയ്തു. അബദ്ധം നിറഞ്ഞ കിഡ്നാപ്പിന്റെ കഥ പറഞ്ഞ സൂതു കാവും, തമാശയ്ക്ക് വേണ്ടി ആംബുലന്‍സിനെ വിളിച്ച വൃദ്ധനെ അവതരിപ്പിച്ച ഓറഞ്ച് മിട്ടായിയും, കാമുകിയെ സ്വാധീനിക്കാന്‍ റൗഡിയാവാന്‍ ശ്രമിക്കുന്ന ഞാനും റൗഡി താന്‍ എന്ന സിനിമയും, ആണ്ടവന്‍ കട്ടളൈയും, ദര്‍മ്മധുരൈയും, ഇരൈവിയും തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ സേതുപതി എന്ന നടന്റെ മികവ് അടയാളപ്പെടുത്തുന്നു.

ചുറ്റുമുള്ളതും, പിന്നീട് കടന്നുവരുന്നതുമായ ഓരോ കഥാപാത്രങ്ങളില്‍ നിന്നുമായി കേന്ദ്രകഥാപാത്രത്തിന്റെ ബയോഡേറ്റായും സ്വഭാവവും, പൂര്‍വകാലവും വിശദീകരിച്ച് കാട് കയറുന്ന പതിവുകളെ സേതുപതി ചിത്രങ്ങളില്‍ അവഗണിക്കാറാണ് പതിവ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാ ഫ്രെയിമുകളിലും മുഖം കാണിക്കണമെന്ന നിര്‍ബന്ധമില്ലാതെ സഹകഥാപാത്രങ്ങള്‍ക്കും വ്യക്തമായ രംഗ-പങ്കുവെക്കലുകള്‍ അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രത്യേകതയാണ്. വിക്രം വേദ എന്ന ചിത്രത്തിലും മാധവനൊപ്പം അത് തന്നെയാണ് സേതുപതി പിന്തുടര്‍ന്നതും.

കാണിയും താരവും തമ്മിലുളള അകലത്തെ വെട്ടിമുറിക്കുന്ന കഥാപാത്ര നിര്‍മ്മിതിക്ക് തന്നെയാണ് സേതുപതി ജീവന്‍ നല്‍കാറുളളത്. അപ്പോഴാണ് ‘ചോയിസ്’ എന്ന ഇംഗ്ലീഷ് വാക്കിനെ ‘ചായിസ്’ എന്ന് സേതുപതി കഥാപാത്രം ഉച്ചരിക്കുമ്പോള്‍ പ്രേക്ഷന് പാരസ്പര്യം തോന്നുന്നത്. തന്റെ കുറവിനേയും കൂടുതലുകളേയും കഥാപാത്രത്തോട് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ‘പന്നൈയാരും പത്മിനിയും’ എന്ന ചിത്രത്തിലെ ഡ്രൈവറും കാവനിലെ മാധ്യമപ്രവര്‍ത്തകനും ജീവന്‍ വെച്ചത്. മറ്റ് സൂപ്പര്‍താരങ്ങളെ പോലെ സകലതിനേയും കീഴടക്കുന്ന ഹീറോ പരിവേഷത്തിലല്ലാതെയും നല്ല സിനിമകളുടെ ഭാഗമാകാമെന്ന് സേതുപതി അടയാളപ്പെടുത്തുന്നു. പ്രേക്ഷകന് വേണ്ട പതിവ് പെട്ടി മാത്രം തിരഞ്ഞുപിടിച്ച് തുറക്കുന്ന അറുബോറന്‍ സൂപ്പര്‍താര പ്രവൃത്തികളെ അകറ്റുനിര്‍ത്തുന്നതാണ് സേതുപതി ചിത്രങ്ങളെന്ന് പറയാതെ വയ്യ.

Read More : വിക്രമിന്റെ പുതിയ ലുക്ക്; ധ്രുവനച്ചത്തിരം ചിത്രങ്ങൾ പുറത്ത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ