ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമ ‘800’ ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് നടൻ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയത് ചെന്നൈ പോലീസിന്റെ സൈബർ ക്രൈം വിഭാഗം ട്വിറ്റർ ഉപയോക്താവിനെതിരെ കേസെടുത്തു.

റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സം​ഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തിയിരുന്നു. ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടണമെന്നും അർഹിക്കുന്ന ശിക്ഷ നൽകണമെന്നും നിരവധിപേർ ആവശ്യപ്പെട്ടിരുന്നു.

ബയോപിക് ചെയ്യുന്നത് കരിയറിന് ഹാനികരമാകുമെന്നും അതിനാൽ പ്രോജക്റ്റ് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുള്ള ക്രിക്കറ്റ് താരം മുരളീധരന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താൻ സിനിമയിൽ നിന്ന് പിന്മാറുന്ന കാര്യം വിജയ്‌ സേതുപതി അറിയിച്ചിരുന്നു. അതിന്നൊപ്പം ‘നന്ദി, വിട,’ എന്നും താരം കുറിച്ചു. നിർമ്മാതാക്കൾ ഈ സിനിമയുമായി മുന്നോട്ട് പോകുമെന്നും തന്റെ ബയോപിക് ആരാധകർക്കും പ്രേക്ഷകർക്കുമായി ഉടൻ ലഭ്യമാകുമെന്നും മുത്തയ്യ മുരളീധരൻ കൂട്ടിച്ചേര്‍ത്തിരുന്നനു.

‘തെറ്റിദ്ധാരണ മൂലം, ‘800’ ൽ സിനിമ ഉപേക്ഷിക്കാൻ നിരവധി പേർ നടൻ വിജയ് സേതുപതിയെ നിർബന്ധിക്കുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച നടനായ അദ്ദേഹത്തിനു ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായി കാണാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ ആ പ്രോജക്റ്റിൽ നിന്ന് പിന്മാറാന്‍ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. ഈ സിനിമ കാരണം ഭാവിയിൽ വിജയ് സേതുപതിക്ക് പ്രയാസങ്ങള്‍ ഉണ്ടാകരുത്.

‘തടസ്സങ്ങളിൽ തളരുന്നവനല്ല ഞാന്‍. പ്രതിബന്ധങ്ങളെയെല്ലാം അഭിമുഖീകരിച്ച്, മറികടന്നാണ്, ഞാൻ ഈ സ്ഥാനത്തെത്തിയത്. യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകുമെന്ന വിശ്വാസത്തിലാണ് ഞാന്‍ ഈ സിനിമ സ്വീകരിച്ചത്. നിർമ്മാതാക്കൾ ഇപ്പോഴുള്ള ഈ പ്രതിബന്ധങ്ങളെ മറികടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതു സംബന്ധിച്ച് ഉടൻ ഒരു പ്രഖ്യാപനം നടത്തുമെന്ന് അവർ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരുടെ തീരുമാനങ്ങൾക്ക് ഞാൻ കൂട്ടുനിൽക്കും. ഈ സാഹചര്യങ്ങളിൽ എന്നെ പിന്തുണച്ച മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും വിജയ് സേതുപതിയുടെ ആരാധകർക്കും ഏറ്റവും പ്രധാനമായി തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ഞാൻ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു,’ മുത്തയ്യ മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കൻ തമിഴ് വംശജനായ മുത്തയ്യ മുരളീധരനായി വിജയ് സേതുപതി അഭിനയിക്കുമെന്ന് അറിയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. . ഏകദേശം 30 വർഷക്കാലം നീണ്ട ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ പിന്തുണക്കാരനായി മുരളീധരനെ കാണുന്നതിനാലാണിത്. ഇന്ത്യൻ വംശജരായ മലയാഗ തമിഴരെ യുദ്ധം വളരെയധികം ബാധിച്ചു.

 

ലങ്കയുടെ ആഭ്യന്തര യുദ്ധസമയത്ത് മുത്തയ്യ മുരളീധരന്റെ രാഷ്ട്രീയ നിലപാടിനെ തമിഴ്‌നാട്ടിലെ പലരും എതിർത്തിരുന്നു. കൊളംബോയിലെ സർക്കാരിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു അദ്ദേഹം അന്ന് സ്വീകരിച്ചത്. ഒരു തമിഴ് വംശജൻ ആയിട്ടും, ശ്രീലങ്കയുടെ വടക്കൻ ഭാഗത്തുള്ള തമിഴരുടെ പോരാട്ടങ്ങൾ അംഗീക്കുകയോ അതിൽ ഒരിക്കലും വിഷമിക്കുകയോ ചെയ്തില്ല എന്നതായിരുന്നു വിമർശനം.

മുരളീധരൻ രാജ്യത്തെ യുദ്ധകാല പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്സെയുമായി അടുപ്പത്തിലാണെന്ന് തമിഴ് ദേശീയവാദികൾ ചൂണ്ടിക്കാണിച്ചതോടെ, തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഗോതബായയെ ക്രിക്കറ്റ് താരം പിന്തുണച്ചത് തമിഴ്‌നാട്ടിൽ പലരേയും അസ്വസ്ഥരാക്കി. ഒരു ഘട്ടത്തിൽ മുരളീധരനെ വടക്കൻ പ്രവിശ്യയുടെ ഗവർണറായി നിയമിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഇതേ തുടർന്നാണ്, സമൂഹമാധ്യമങ്ങളില്‍ മുത്തയ്യ മുരളീധരന്‍റെ ജീവിതം പറയുന്ന സിനിമയ്ക്കെതിരെ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടത്. ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ രൂക്ഷവിമര്‍ശനങ്ങളാണ് മുരളീധരനും വിജയ് സേതുപതിക്കുമെതിരെ ഉയരുന്നത്. വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നും വിമർശകർ പറയുന്നു.

എന്നാൽ സിനിമയ്ക്ക് ശ്രീലങ്കൻ രാഷ്ട്രീയവുമായി യാതൊരു ബന്ധമില്ലെന്നും മുത്തയ്യ മുരളീധരനെന്ന ഇതിഹാസ താരത്തിന്റെ ജീവിതം മാത്രമാണ് സിനിമയിൽ പ്രതിപാദിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

രാജ്യസഭാ എംപിയും എംഡിഎംകെ ജനറൽ സെക്രട്ടറിയുമായ വൈക്കോ, മുത്തയ്യ മുരളീധരൻ ആഭ്യന്തര യുദ്ധത്തിൽ അന്നത്തെ ലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്സെയെ പിന്തുണച്ചതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള തമിഴ് വംശജർ അദ്ദേഹത്തെ ഒറ്റുകാരനായാണ് കണക്കാക്കുന്നതെന്ന് ആരോപിച്ചു.

വിജയ് സേതുപതി ഈ വേഷത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പട്ടാലി മക്കൾ കതി സ്ഥാപക നേതാവ് എസ് രാമദോസ് പറഞ്ഞു. “അജ്ഞത” യിൽ നിന്ന് “വിശ്വാസവഞ്ചന” യുടെ ചരിത്രത്തെ പിന്തുണയ്‌ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Read in IE: Vijay Sethupathi exits Muttiah Muralitharan biopic 800

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook