സിനിമ ഒരാളുടെയും സ്വത്തല്ലെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ചെന്നൈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിജയ് സേതുപതി സിനിമാ മേഖലയെക്കുറിച്ച് സംസാരിച്ചത്. സിനിമ ഒരാളുടെയും തറവാട്ട് സ്വത്തല്ല. ഇന്ന് വിജയ് സേതുപതി വന്നു, അതിനു മുൻപ് രജനി സാർ വന്നു, അതിനു മുൻപ് എംജിആർ വന്നു. ആർക്കു വേണമെങ്കിലും സിനിമയിൽ വരാം. ഇവിടെ വന്നാൽ എല്ലാവരും ഒന്നുപോലെയാണ്. ആരുടെയും സ്വത്തല്ല സിനിമ. സിനിമ സമുദായത്തിന്റെ ഒരു പ്രതിഫലനമാണ്. സിനിമ ഉളളതുകൊണ്ടാണ് ഞങ്ങളുളളത്. അല്ലാതെ ഞങ്ങളുളളതുകൊണ്ടല്ല സിനിമയുളളത്. സിനിമ എല്ലാവരുടെയും പൊതുസ്വത്താണ്- വിജയ് പറഞ്ഞു.

തമിഴ് മക്കളുടെ മക്കൾസെൽവനാണ് വിജയ് സേതുപതി. ആ പേരിന് അനുയോജ്യനാണ് താനെന്ന് വിജയ് പലതവണ തെളിയിച്ചിട്ടുണ്ട്. 13 വര്‍ഷം മുമ്പാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലേക്കുളള സേതുപതിയുടെ വരവ്. പല സിനിമകളിലും വളരെ ചെറിയ റോളുകളില്‍ അദ്ദേഹം മുഖം കാട്ടി. പല സംവിധായകരുടെ വീടിന് പുറത്തും പല പോസുകളിലുളള ഫോട്ടോകളുമായി അവസരം തേടി ആ ചെറുപ്പക്കാരന്‍ കാത്തിരുന്നു. രാത്രി ഏറെ വൈകി മാത്രമാണ് വീട്ടിലേക്ക് മടങ്ങുക. സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലാണെന്ന് വീട്ടുകാര്‍ കരുതാന്‍ വേണ്ടി മാത്രമാണ് വൈകുവോളം കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങാറുളളതെന്ന് വിജയ് പറഞ്ഞിട്ടുണ്ട്.

തമിഴിലെ സൂപ്പർ താരമായി വളർന്നെങ്കിലും വിജയ് സേതുപതി ഇപ്പോഴും സിംപിളാണ്. നായക വേഷം മാത്രമല്ല സഹതാരത്തിന്റെ വേഷം ചെയ്യാനും വിജയ് സേതുപതിക്ക് മടിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook