തമിഴ് സിനിമയുടെ ‘മക്കൾ സെൽവ’ ന് ഇന്ന് ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ മറ്റൊരു കിടിലൻ ലുക്കുമായി എത്തിയിരിക്കുകയാണ് വിജയ്‌. തന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ ‘സീതാകാതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ആണ് തന്‍റെ 40-ാം പിറന്നാളുമായി ബന്ധപ്പെട്ടു വിജയ്‌ പുറത്ത് വിട്ടത്. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ്‌ സേതുപതി എത്തുന്നത്‌. വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്‌ ഓസ്കാര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്.

seethakathi first look

2012ല്‍ ബാലാജി സംവിധാനം ചെയ്ത ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ചിത്രത്തിലും വിജയ്‌ സേതുപതി തന്നെയായിരുന്നു നായകന്‍. ചിത്രത്തിന് ലഭിച്ച വലിയ വരവേല്‍പ്പ് വിജയ്‌യുടെ അഭിനയജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കി. വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് ഓര്‍മ്മ നഷ്ടപ്പെടുന്ന കഥാപാത്രത്തിന്റെ റോള്‍ വിജയ്‌ സേതുപതി അനശ്വരമാക്കി.

ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെയാണ് ഈ നാല്പതുകാരന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. സിനിമയോടുള്ള സ്നേഹവും അഭിനയത്തിനോടുള്ള അടങ്ങാത്ത ആവേശവും കൈമുതലാക്കി എത്തിയ വിജയ്‌, വളരെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് ഇന്നത്തെ നിലയിലേക്ക് എത്തുന്നത്‌. വന്ന വഴി മറന്നില്ല എന്നതു കൊണ്ടും താരപദവിയില്‍ എത്തിയിട്ടും വിനയം കൈവിടാത്തത് കൊണ്ടും തമിഴ് മക്കള്‍ സ്നേഹപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേരാണ് ‘മക്കള്‍ സെല്‍വന്‍’.

 

1978 ജനുവരി 16 നു മധുരയിൽ വിജയ ഗുരുനാഥ സേതുപതി ആയി ജനിച്ച അദ്ദേഹത്തിന്റെ സ്കൂൾ ജീവിതം ചെന്നൈയിൽ ആയിരുന്നു. പഠനത്തിന് ശേഷം വിവിധ ജോലികളിൽ ഏർപ്പെട്ട വിജയ് ചെന്നൈയിലെ ‘കൂത്ത്പട്ടറയ്’ എന്ന തിയേറ്റര്‍ ഗ്രൂപ്പിലും സജീവമായിരുന്നു. 2004 മുതല്‍ ഇവരുടെ നാടകങ്ങളില്‍ ചെറിയ വേഷങ്ങല്‍ ചെയ്തു തുടങ്ങിയ വിജയ് സേതുപതി പിന്നീട് നിരവധി സീരിയൽ, ഷോർട് ഫിലിംസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്. 2004 മുതലുള്ള കാലഘട്ടത്തിൽ പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങള്‍ ചെയ്തുവെങ്കിലും നായക വേഷം ചെയ്യാന്‍ 2010ലെ ‘തേന്‍മേര്‍ക്ക് പരുവകാറ്റ്’ എന്ന ചിത്രം വരെ കാത്തിരിക്കേണ്ടി വന്നു.

2012 അക്ഷരാർത്ഥത്തിൽ വിജയ് സേതുപതിയുടെ വർഷമായിരുന്നു. ‘സുന്ദരപാണ്ഡ്യൻ’, ‘പിസ്സ’, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ചു. ഈ മൂന്ന് സിനിമകള്‍ക്കും കൂടി വിജയ് സേതുപതി ആറ് അവാർഡുകളും നേടിയിരുന്നു.

 

പിന്നീട് പുറത്തു വന്ന ‘സൂത് കാവും’, ‘ഇതർക്ക് താനേ ആസപ്പട്ടായ് ബാലകുമാരാ’, ‘പണ്ണിയാരും പദ്മിനിയും’, ‘ജിഗർത്തണ്ട’, ‘ഓറഞ്ച് മിട്ടായി’, ‘നാനും റൗഡി താൻ’, ‘സേതുപതി’, ‘കാതലും കടന്ത് പോകും’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയവയായിരുന്നു. ഒരു മാസ്സ് ഹീറോ എന്നതിലുപരി ചെറുതും വലുതുമായി കഥാപാത്രങ്ങൾ ഏറ്റെടുത്തു ആക്ഷനും, കോമഡിയും, സെന്റിമെന്‍റ്സുമെല്ലാം തനിക്കു വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചു. ഒട്ടനവധി പുതു മുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച വിജയ് സേതുപതി 2015ലെ ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിന്റെ കഥയും നിര്‍മ്മാണവും നിര്‍വ്വഹിച്ചു.

ഇപ്പോള്‍ പതിനൊന്ന് വിജയ്‌ സേതുപതി ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. വിജയ്‌ ട്രാൻസ്‌ജെന്‍ഡര്‍ വേഷത്തിൽ എത്തുന്ന ‘സൂപ്പർ ഡീലക്സ്‌’, ഡോൺ വേഷത്തില്‍ എത്തുന്ന ‘ജുങ്ക’, നാടകകലാകാരനായി എത്തുന്ന ‘സീതാകാതി’, ‘ഇടം പൊരുൾ യവള്‍’, മണിരത്‌നത്തിന്റെ പേരിടാത്ത ചിത്രം എന്നിവ തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നി അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് നടന്‍. ‘സൈ റാ നരസിംഹ റെഡ്‌ഡി’ എന്ന തെലുങ്ക് ബിഗ് ബജറ്റ് സിനിമയിൽ ചിരഞ്ജീവിക്കൊപ്പം അദ്ദേഹം എത്തുന്നു. അഭിലാഷ് അപ്പുകുട്ടൻ സംവിധാനം ചെയുന്ന ‘ജാലിയന്‍വാലാ ബാഗ്’ ആണ് മലയാള ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ