scorecardresearch

യാത്രകൾക്കൊരു ‘പോഷ്’ ചങ്ങാതി, ആഢംബര ബൈക്ക് സ്വന്തമാക്കി വിജയ് സേതുപതി

ബിഎംഡബ്ല്യു ആഡംബരകാറിനു പിറകെ ഇപ്പോൾ ബൈക്കും സ്വന്തമാക്കിയിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി

യാത്രകൾക്കൊരു ‘പോഷ്’ ചങ്ങാതി, ആഢംബര ബൈക്ക് സ്വന്തമാക്കി വിജയ് സേതുപതി

തന്റെ യാത്രകൾക്ക് ഒരു പുതിയ സാരഥിയെ സ്വന്തമാക്കിയിരിക്കുകയാണ്, തമിഴകത്തിന്റെയും മലയാളികളുടെയും പ്രിയ താരമായ വിജയ് സേതുപതി. ആഢംബര ബൈക്കായ ബി എം ഡബ്ല്യു ജി 310 ജി എസ് ബൈക്കാണ് താരം ഇന്നലെ സ്വന്തമാക്കിയത്. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം മൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ബൈക്കിന്റെ വില. ബിഎംഡബ്ല്യുവിന്റെ ആഡംബരകാറും കഴിഞ്ഞ വർഷം വിജയ് സേതുപതി സ്വന്തമാക്കിയിരുന്നു.

Photo: Facebook/BMW Motorrad India

ത്യാഗരാജന്‍ കാമരാജന്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡീലക്സ്’ ആണ് ഏറെ പ്രതീക്ഷകളോടെ റിലീസിനൊരുങ്ങുന്ന അടുത്ത വിജയ് സേതുപതി ചിത്രം. സേതുപതിയുടെ വേഷ പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശില്‍പ്പ എന്ന ട്രാന്‍സ് വുമണിനെയാണ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രമ്യ കൃഷ്ണൻ, സാമന്ത എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്ന ചിത്രം ത്രില്ലർ ഴോണറിലുള്ളതാണ്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ റിലീസ് ആവുകയും ഏറെ വൈറലാവുകയും ചെയ്തിരുന്നു. സംവിധായകന്‍ മിഷ്‌കും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.’സൂപ്പർ ഡീലക്സ്’ മാര്‍ച്ച് 29 ന് തിയേറ്ററുകളിലെത്തും.

ചിത്രീകരണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ‘മാമനിതൻ’​ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ‘ധര്‍മദുരൈ’, ‘തെന്‍മേര്‍ക്ക് പരുവക്കാറ്റ്’, ‘ഇദം പൊരുള്‍ എവള്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും ചിനു രാമസാമിയും ഒന്നിക്കുന്ന ചിത്രമാണ് ‘മാമനിതൻ’. സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ‘മാമനിതൻ’. ഗായത്രിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. ‘മാമനിതന്റെ’ കുറേ​ രംഗങ്ങൾ ആലപ്പുഴയിലായിരുന്നു ചിത്രീകരിച്ചത്. മലയാള നടൻ മണികണ്ഠൻ ആചാരിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രീകരണത്തിനായി ആലപ്പുഴയിൽ എത്തിയ വിജയ് സേതുപതിയുടെ ചിത്രങ്ങളും ലൊക്കേഷൻ വീഡിയോകളും ഏറെ ശ്രദ്ധ നേടുകയും വാർത്തയാവുകയും ചെയ്തിരുന്നു.

Read more: ആലപ്പുഴയിൽ നിന്നും വിജയ് സേതുപതിയ്ക്ക് ഒപ്പം മണികണ്ഠൻ ആചാരി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vijay sethupathi bought new bmw bike