തമിഴകത്തിന്റെ സ്വന്തം വിജയ് സേതുപതിയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ആമിർ ഖാൻ കേന്ദ്രകഥാപാത്രമാകുന്ന ‘ലാൽ സിങ് ചന്ദ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിൽ കരീന കപൂറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ‘ലാൽ സിങ് ചന്ദ’. ഫിലിം കംപാനിയനു നൽകിയ​ അഭിമുഖത്തിനിടയിൽ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വിജയ് സേതുപതി സ്ഥിതീകരിക്കുകയും ചെയ്തു. അധികം ഹിന്ദി ചിത്രങ്ങൾ കണ്ടു പരിചയമില്ലാത്തതിനാൽ തന്നെ അവിടുത്തെ സംസ്കാരത്തെ കുറിച്ച് അധികമറിയില്ലെന്നും ഭാഷയും ഒരു പരിധിവരെ തനിക്ക് വെല്ലുവിളിയാകുന്നുവെന്നും അഭിമുഖത്തിൽ വിജയ് സേതുപതി വെളിപ്പെടുത്തി.

“എനിക്കെപ്പോഴും ഇഷ്ടപ്പെട്ട ചിത്രമാണ് ‘ഫോറസ്റ്റ് ഗമ്പ്’. വളരെ മനോഹരമായൊരു, ഫീൽ ഗുഡ് ചിത്രമാണത്. ഒരു കുടുംബകഥയാണ്,” ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ആമിർ ഖാൻ പറഞ്ഞതിങ്ങനെ. ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിർ പ്രത്യേക ഡയറ്റിലാണെന്നും കിരൺ റാവു വെളിപ്പെടുത്തിയിരുന്നു. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്യുന്ന ‘ലാൽ സിങ് ചന്ദ’ 2020 ക്രിസ്മസ് റിലീസായിട്ടാവും തിയേറ്ററുകളിൽ എത്തുക.

ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ക്ലാസിക് ചിത്രത്തിന് 25 വർഷങ്ങൾക്കു ശേഷമാണ് ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നത്. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമിർ ഖാൻ അവതരിപ്പിക്കുന്നത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ ഫെയിം അദ്വൈത് ചൗഹാന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ‘സീക്രട്ട് സൂപ്പർസ്റ്റാർ’ നിർമ്മിച്ചതും ആമിർഖാന്റെ നിർമ്മാണകമ്പനിയായിരുന്നു. സംവിധായകനാവും മുൻപ് ആമിർഖാന്റെ മാനേജറായി പ്രവർത്തിക്കുകയായിരുന്നു അദ്വൈത് ചൗഹാൻ.

എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പേരിലുള്ള പുസ്തകത്തെ അടിസ്ഥാനമാക്കി റോബർട്ട്‌ സ്സെമെക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വൽ എഫക്റ്റ്സ്, മികച്ച ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറു കാറ്റഗറികളിലാണ് ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.

Read more: ടർബൻ കെട്ടി, 20 കിലോ കുറച്ച് ആമിർ ഖാൻ; തയ്യാറെടുപ്പുകൾ ‘ലാൽ സിംഗ് ചന്ദ’ യ്ക്ക് വേണ്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook