മക്കൾ സെൽവം എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നടൻ വിജയ് സേതുപതിയുടെ ജന്മദിനമാണിന്ന്. എന്നാൽ തന്റെ ജന്മദിനാഘോഷത്തിൽ വന്ന ഒരു വീഴ്ചയുടെ പേരിൽ ആരാധകരോട് മാപ്പ് പറയുകയാണ് താരം. ഒരു വാൾ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ പിറന്നാൾ കേക്ക് മുറിച്ചത്. ഇത് വിവാദമായതോടെയാണ് വിജയ് സേതുപതി ക്ഷമാപണം നടത്തിയത്.

Read More: ‘താങ്കളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്?’; പ്രേം നസീറിന്റെ രസകരമായ മറുപടി

വിശദമായ പ്രസ്താവനയിൽ, താൻ ഒരു തെറ്റായ മാതൃകയാണ് കാണിച്ചതെന്നും ഭാവിയിൽ ശ്രദ്ധാലുവായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സംവിധായകൻ പൊൻറാമിനൊപ്പം വരാനിരിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പമായിരുന്നു വിജയ് സേതുപതി തന്റെ ജന്മദിനം ആഘോഷിച്ചത്. അവരായിരുന്നു അദ്ദേഹത്തിനായി കേക്ക് ഒരുക്കിയത്.

വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂർണരൂപം:

“എന്റെ ജന്മദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന സിനിമാ പ്രവർത്തകർക്കും ആരാധകർക്കും എന്റെ ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുമ്പ്, എന്റെ ജന്മദിനാഘോഷ വേളയിൽ എടുത്ത ഒരു ഫോട്ടോ ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നു. ഫോട്ടോയിൽ, ഞാൻ എന്റെ പിറന്നാൾ കേക്ക് വാളുപയോഗിച്ച് മുറിക്കുന്നതായി കാണാം. സംവിധായകൻ പൊൻറാമിന്റെ സിനിമയിലാണ് ഞാൻ ഇനി അഭിനയിക്കുന്നത്. അതിൽ ഈ വാൾ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജന്മദിനം ആഘോഷിച്ചത് പൊൻറാമിനും ടീമിനും ഒപ്പമായിരുന്നതിനാൽ കേക്ക് മുറിക്കാൻ ഞാൻ ആ വാൾ ഉപയോഗിച്ചു. ഇത് ഒരു മോശം മാതൃകയാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇനി മുതൽ ഞാൻ ശ്രദ്ധാലുവായിരിക്കും. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ക്ഷമ ചോദിക്കുകയും എന്റെ പ്രവൃത്തിയിൽ ഖേദിക്കുകയും ചെയ്യുന്നു,” വിജയ് സേതുപതി കുറിച്ചു.

வணக்கம்,

எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை…

Posted by Vijay Sethupathi on Friday, 15 January 2021

അദ്ദേഹം വാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് അവ നീക്കം ചെയ്യുകയായിരുന്നു.

നേരത്തെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വാളുപയോഗിച്ച് കേക്ക് മുറിച്ച ഗുണ്ടാ സംഘത്തെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതി ചെയ്തത് കുറ്റകരമാണെന്നു ചൂണ്ടിക്കാണിച്ച് നിരവധി നെറ്റിസൺമാർ, അദ്ദേഹത്തെയും അറസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook