ചുരുങ്ങിയകാലം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന നടനാണ് വിജയ് സേതുപതി. ഇരുപത്തിയഞ്ചോളം സിനിമകളിൽ ഇതിനകം നായകനായി എത്തിയ വിജയ് സേതുപതിയ്ക്ക് ഇവിടെ കേരളത്തിലും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ രണ്ടു നായികമാർ കൂടി താരത്തിനോട് തങ്ങൾക്കുള്ള ആരാധനയെ കുറിച്ച് തുറന്നു പറയുകയാണ്. ബോളിവുഡ് അഭിനേത്രിയായ അദിതി റാവു ഹൈദാരിയും മലയാളിയും ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനുമാണ് ആ നായികമാർ.
വിജയ് സേതുപതിയുടെ പുതിയ ചിത്രം ‘തുഗ്ലക് ദർബാറി’ൽ ഇരുവരും താരത്തിനൊപ്പം അഭിനയിക്കുന്നുമുണ്ട്. ഈ പൊളിറ്റിക്കല്‍ ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദല്‍ഹി പ്രസാദ് ദീനദയാലന് ആണ്. അദിതി റാവു ഹൈദാരിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയാവുന്നത്. ഒരു പ്രധാന കഥാപാത്രത്തെ മഞ്ജിമയും അവതരിപ്പിക്കുന്നുണ്ട്. ’96’ സിനിമയിലൂടെ സംഗീതത്തിലൂടെ ഏറെ ശ്രദ്ധ നേടിയ ഗോവിന്ദ് വസന്ത തന്നെയാണ് തുഗ്ലക്കിന്റെയും സംഗീതം നിർവ്വഹിക്കുന്നത്.
വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നതും ബാലാജി തന്നെ. നടൻ പാർത്ഥിഭനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മുൻപ് ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തിൽ അദിതി റാവു ഹൈദാരിയും വിജയ് സേതുപതിയും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല. അതേ സമയം ആദ്യമായി വിജയ് സേതുപതിയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് മഞ്ജിമ മോഹൻ.
“വിജയ് സേതുപതിയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ പറ്റുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. കൂടെ അഭിനയിക്കണമെന്ന് എനിക്കേറെ ആഗ്രഹമുള്ള നടനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ ചിത്രം എനിക്കേറെ സന്തോഷം നൽകുന്നു,” മഞ്ജിമ സന്തോഷം പങ്കിട്ടു. വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള അഭിനയം തനിക്കേറെ ചലഞ്ചിംഗ് ആയിരിക്കുമെന്നും മഞ്ജിമ പറഞ്ഞു. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. സെപ്റ്റംബർ അവസാനത്തോടെ ചെന്നൈയിൽ ഷൂട്ടിംഗ് ആരംഭിക്കും.
‘സിന്ധുബാദ്’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രം. ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ‘കടൈസി വിവസായി’, ‘സംഗ തമിസൻ’, ‘ലാബം’, ‘സെയ് രാ നരസിംഹ റെഡ്ഡി’, ‘മാമനിതൻ’ എന്നിവയാണ് വിജയ് സേതുപതിയുടേതായി ഇനി റിലീസിനെത്താനുള്ള ചിത്രങ്ങൾ.
Read more: ഓശാന ഞായറാഴ്ച ഞാനൊരു മാലാഖയെ കണ്ടു: വിജയ് സേതുപതിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്