സ്വന്തം നിലപാടുകളിലൂടെ തമിഴ് സിനിമയിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. എന്തും തുറന്നു പറയാൻ മടിക്കാത്തതും മക്കൾ സെൽവനെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്തനാക്കുന്നു. അവാർഡുകളിൽ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്‌യുടെ വാക്കുകൾ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടിൽ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല.

ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമാണ് ദേശീയ അവാർഡ്. ആ ദേശീയ അവാർഡ് പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ന്യൂസ് 18 നു നൽകിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. ”നടികർ തിലകം ശിവാജി ഗണേശന് ദേശീയ അവാർഡ് ലഭിച്ചിട്ടില്ല. ശിവാജി ഗണേശൻ വലിയൊരു നടനാണ്. ആരുമായും അദ്ദേഹത്തെ താരതമ്യപ്പെടുത്താൻ കഴിയില്ല. ചിലർ അദ്ദേഹം ഓവർ ആക്ടിങ്ങാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം എല്ലാ നടന്മാർക്കും ഒരു ഡിക്ഷണറിയാണ്. ഏതു കഥാപാത്രം ചെയ്യുന്നതിനും അദ്ദേഹം മടിച്ചുനിന്നിട്ടില്ല. അത്രയ്ക്കും വലിയ നടനാണ്. അദ്ദേഹത്തിനു നൽകാത്ത അവാർഡ് എനിക്കെന്തിനാണ്”- വിജയ് പറഞ്ഞു.

അവാർഡുകളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് അവ വേണ്ടെന്നുവച്ചത്. അതിനാൽതന്നെ അവാർഡ് നിശകളിലും പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചു. അവാർഡ് നിർണയത്തിൽ രാഷ്ട്രീയ കളികൾ നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായതുകൊണ്ടാണ് അവാർഡുകളേ വേണ്ടെന്ന തീരുമാനം എടുത്തതെന്നും വിജയ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ