വ്യത്യസ്തകളിലെ വ്യത്യസ്തതയാണ് വിജയ് സേതുപതി എന്ന നടന്‍. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൂടെയും അതിനോട് നീതി പുലര്‍ത്തുന്ന അഭിനയപാടവത്തിലൂടെയും ചെറിയ കാലയളവുകൊണ്ടുതന്നെ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചു. മാധവനും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിക്രം വേദ കേരളത്തിലടക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് മുന്നേറിയത്. ഇത് കൂടുതല്‍ മലായാളി ആരാധകരെ സൃഷ്ടിക്കുന്നതിനും കാരണമായി.

അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ജാലിയന്‍ വാലാബാഗിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിജയ് സേതുപതിയാണ് പുറത്തിറക്കിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ഈ സന്തോഷം പങ്കുവച്ചു. ചിത്രത്തിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം താരതമ്യേന നവാഗതരാണ്. നവാഗതര്‍ക്കു നല്‍കുന്ന ഈ പ്രോത്സാഹനം കൊണ്ടുകൂടിയാകാം സേതുപതിയെ തമിഴ്മക്കള്‍ സ്‌നേഹത്തോടെ മക്കള്‍ സെല്‍വന്‍ എന്നു വിളിക്കുന്നത്.

ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയന്‍ വാലാബാഗ്. മെക്സിക്കന്‍ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്സിക്കന്‍ അപാരതയുടെ തന്നെ കോ പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നത്.

വിജയ് സേതുപതി നായകനായെത്തുന്ന ജുംഗയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മുണ്ടുടുത്ത് സ്റ്റൈലിഷ് ഡോണിന്റെ രൂപത്തിലാണ് സേതുപതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ