വിജയ് ആരാധകർക്ക് ആശ്വസിക്കാം, ‘സര്‍ക്കാര്‍’ ദീപാവലിയ്ക്കു തന്നെ തിയേറ്ററുകളിലെത്തും. സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തിന്  വിരാമമായെന്ന വാർത്തകളാണ് തമിഴകത്തു നിന്നും വരുന്നത്. ‘സര്‍ക്കാർ’ കോപ്പിയടിയാണെന്ന ആരോപണവുമായി സംവിധായകൻ എ.ആര്‍ മുരുഗദാസിനെതിരെ സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രൻ രംഗത്തു വന്നത് സിനിമയുടെ റിലീസിംഗിൽ ആശങ്കകളുണ്ടാക്കിയിരുന്നു. എന്നാൽ വരുൺ രാജേന്ദ്രനുമായി നിർമ്മാതാക്കൾ ഒത്തുതീർപ്പുകൾ നടത്തിയെന്നാണ് പുതിയ വാർത്ത.

ഇതേക്കുറിച്ച് സംവിധായകന്‍ എ ആര്‍ മുരുഗദാസ് ട്വിറ്റെറില്‍ ഇങ്ങനെ പറയുന്നതിങ്ങനെ.

“തന്റെ പേരില്‍ കള്ളവോട്ടു രേഖപ്പെടുത്തിയാതുമായി ബന്ധപ്പെട്ട പോരാട്ടത്തില്‍ ഏര്‍പ്പെടുന്ന ഒരാളുടെ കഥ സിനിമയാക്കിയാല്‍ നന്നായിരുക്കും എന്ന് തോന്നി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ‘സര്‍ക്കാര്‍’ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി.  എന്നാല്‍ അതിനു ശേഷമാണ് ഇതേ പ്രമേയത്തില്‍ വരുണ്‍ രാജേന്ദ്രന്‍ എന്നൊരാള്‍  സ്ക്രിപ്റ്റ് എഴുതി സൗത്ത് ഇന്ത്യന്‍ റൈറ്റര്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തതായി അറിയുന്നത്.

ഇത്തരത്തില്‍ ഒരു വിഷയം ആലോചിച്ച് എഴുതി, എന്നേക്കാള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്ത വരുണിന് എന്റെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു.  ഇത്തരത്തില്‍ പ്രതിഭാധനനായ ഒരാളെ കണ്ടെത്തി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചതിന് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റര്‍സ് അസോസിയേഷനോട് എന്റെ നന്ദി അറിയിക്കുന്നു”.

കഥയ്ക്കുള്ള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുൺ രാജേന്ദ്രന് നൽകാമെന്ന ഉറപ്പിലാണ് പ്രശ്നം രമ്യതയിലെത്തിയതെന്നാണ് തമിഴ് മാധ്യമമായ ‘വികടൻ’ റിപ്പോർട്ട് ചെയ്യുന്നത്. കോടതിയ്ക്ക് പുറത്തു തന്നെ പ്രശ്നം രമ്യതയിലെത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ മുരുഗദാസ് ഇതുവരെ വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് മുൻപാകെ വരുൺ പരാതി നൽകിയിരുന്നു. 2007 ൽ റൈറ്റേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത തന്റെ ‘സെൻകോല്‍’ എന്ന കഥയാണ് മുരുഗദാസ് മോഷ്ടിച്ചതെന്നായിരുന്നു വരുണിന്റെ പരാതി. വിജയിന്റെ അച്ഛൻ എസ്​എ ചന്ദ്രശേഖറിനോട് താൻ ‘സെൻകോളി’ന്റെ കഥ പറഞ്ഞിരുന്നെന്നും കഥ കേട്ട് ഉടനെ തന്നെ തിരിച്ചു വിളിക്കാം എന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്നുമായിരുന്നു വരുണിന്റെ ആരോപണം.

Read More: ‘സര്‍ക്കാര്‍’ കോപ്പിയടി: മുരുഗദാസിനെതിരെ ആരോപണവുമായി സഹസംവിധായകന്‍

കേസുമായി വരുൺ മുന്നോട്ട് പോയാൽ ദീപാവലി കണക്കാക്കി റിലീസിനൊരുങ്ങുന്ന ‘സർക്കാറി’ന്റെ ഭാവി അനിശ്ചിതത്വത്തിൽ ആവുമെന്നതിനാൽ വരുണിന്റെ പരാതി സ്വീകരിച്ച റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സമവായ ചർച്ചകൾക്ക് ശ്രമിച്ചിരുന്നു.

നേരത്തെ ‘സർക്കാറി’ന്റെ പോസ്റ്ററിൽ വന്ന പുകവലി ദൃശ്യവും വിവാദമായിരുന്നു. പുകവലിയിലൂടെ വിജയ് ഫാൻസിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു പ്രതികരണങ്ങൾ.

Read More: ‘ഒരുവേള മുഖ്യമന്ത്രി ആയാൽ’…. ഉത്തരം കിട്ടാത്ത ചോദ്യത്തിന് മാസ് മറുപടിയുമായി വിജയ്

പൊളിറ്റിക്കല്‍ ത്രില്ലറായ ‘സർക്കാറി’ൽ തമിഴ് നാട്ടിലെ രാഷ്ട്രീയ അന്തരീക്ഷം വൃത്തിയാക്കാൻ എത്തുന്ന ഒരു ഹൈ ടെക് സിഇഒയുടെ കഥയാണ് പറയുന്നത്. സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ