കൊറോണ വൈറസ് പോരാട്ടത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു കോടി 30 ലക്ഷം രൂപ സംഭാവന നൽകി നടൻ വിജയ്. കേരളത്തിനുള്ള പത്ത് ലക്ഷം രൂപ ഉൾപ്പെടെയാണ് വിജയ് നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് വിജയ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ ഫാൻ ക്ലബ്ബുകൾ വഴി സഹായം ആവശ്യമുള്ളവർക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നൽകിയിട്ടുണ്ട്.

Read More: നൂറ് വയസായാലും നീയെനിക്ക് കുഞ്ഞായിരിക്കും; അനിയത്തിയോട് സായ് പല്ലവി

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം മാസ്റ്റർ ലോക്ക്ഡൗൺ തീരുന്നതിന് പിന്നാലെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് കൈത്താങ്ങായി ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപയാണ് നൽകിയത്.

തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ദുരിതാശ്വാസ തുകയ്‌ക്കു പുറമേയാണ് അല്ലു അർജുൻ കേരളത്തിനും സംഭാവന നൽകിയത്. കോവിഡ് ദുരിതാശ്വാസത്തിനായി അല്ലു അർജുൻ ഇതുവരെ 1.25 കോടി രൂപ നൽകി. പ്രളയസമയത്തും കേരളത്തിനു സഹായഹസ്‌തവുമായി അല്ലു അർജുൻ രംഗത്തെത്തിയിരുന്നു.

നേരത്തേ നടൻ രാഘവ ലോറൻസും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പുതിയ ചിത്രത്തിനായി ലഭിച്ച അഡ്വാൻസ് തുക മുഴുവനും ലോറൻസ് ചെലവഴിച്ചത് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരുന്നു. ‘ചന്ദ്രമുഖി 2’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി നിർമ്മാതാവ് നൽകിയ മൂന്നുകോടി രൂപയാണ് രാഘവ ലോറൻസ് കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും തമിഴ്നാട് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും 50 ലക്ഷം രൂപ വീതമാണ് ലോറൻസ് സംഭാവന നൽകിയത്. സിനിമ സംഘടനയായ ഫെഫ്സിക്ക് 50 ലക്ഷം, ഡാൻസേഴ്സ് യൂണിയനിലേക്ക് 50 ലക്ഷം, ദിവസവേതനക്കാർക്കും തന്റെ ജന്മനാടായ ദേസീയനഗർ റോയപുരം നിവാസികൾക്ക് 75 ലക്ഷം, ശാരീരിക വൈകല്യമുള്ളവർക്ക് 25 ലക്ഷം എന്നിങ്ങനെ മൂന്നുകോടി രൂപയും കൊറോണ പ്രതിരോധപ്രവർത്തനങ്ങൾക്കായി നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook