സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്.വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് പുറത്തുവന്ന പ്രതികരണങ്ങൾ. കേരളത്തിലും ഇന്നലെ തന്നെയാണ് ചിത്രം റിലീസിനെത്തിയത്. പ്രേക്ഷക പ്രതികരണങ്ങൾ അറിയാൻ തിയേറ്ററിനു പുറത്തു കാത്തു നിൽക്കാറുള്ള ഓൺലൈൻ മാധ്യമങ്ങളോട് പ്രേക്ഷകർ ചിത്രത്തെക്കുറിച്ച് പറയുന്ന രസകരമായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഒരു അൾട്ടിമേറ്റ് പാസം പട’മെന്നാണ് അവർ ചിത്രത്തെക്കുറിച്ച് പറയുന്നത്. തമിഴിൽ പാസം എന്നാൽ സ്‌നേഹമെന്നാണ് അർത്ഥം. ഫാമിലി എന്റർടെയ്‌നറാണ് ചിത്രമെന്ന് ഒരാൾ പറയുമ്പോൾ കൂട്ടുകാർ അയാളോട് തർക്കിക്കുന്നത് വീഡിയോയിൽ കാണാം. ‘ഇതിൽ അച്ഛൻ പാസം, അമ്മ പാസം, വീട്ടുകാർ പാസം അങ്ങനെ മൊത്തം പാസം’ എന്ന പ്രേക്ഷകന്റെ ഡയലോഗ് ചിരി ഉണർത്തുന്നതാണ്. വിജയ്‌യുടെ മാസ് പ്രതീക്ഷിച്ചു പോയാൽ നിങ്ങൾക്ക് ഒരു സീരിയൽ കാണുന്ന പ്രതീതി മാത്രമാണ് കിട്ടുക എന്നും അവർ കൂട്ടിച്ചേർത്തു. വളരെ സത്യസന്ധമായി റിവ്യൂ പറഞ്ഞു യുവാക്കൾ എന്നാണ് കമന്റ് ബോക്സിൽ നിറയുന്ന അഭിപ്രായങ്ങൾ.
ശരത് കുമാർ, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് വാരിസിലെ മറ്റു അഭിനേതാക്കൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അജിത്ത് – മഞ്ജു വാര്യർ ചിത്രം തുനിവും ഇന്നലെയാണ് റിലീസിനെത്തിയത്.