വിജയ് ചിത്രമായ ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങൾ തിരുത്തി ചിത്രം വീണ്ടും സെൻസർ ചെയ്ത് തിയേറ്ററിൽ എത്തിച്ചു. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ സര്‍ക്കാര്‍ ആദ്യ ദിവസം മുതലേ വിവാദങ്ങളില്‍ പെട്ടിരുന്നു. തമിഴ് നാട്ടിലെ ഭരണപ്പാര്‍ട്ടിയായ എഐഎഡിഎംകെയെ നേരിട്ട് ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞിരുന്നു. കോമളവല്ലി എന്നത് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരായിരുന്നു. കൂടാതെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ്, സംസ്ഥാനം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിലേക്കിടുന്ന രംഗവും എടുത്ത് മാറ്റുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞദിവസം സംവിധായകനെ തേടി പൊലീസ് എത്തിയെന്ന് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസിന്റെ ഉദ്ദേശമെന്ന് നിര്‍മാതാക്കളായ സണ്‍പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്തിരുന്നു.

Read More: മുരുഗദോസിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയെന്ന് സണ്‍പിക്‌ചേഴ്‌സ്; ‘സര്‍ക്കാര്‍’ വിവാദത്തില്‍ നാടകീയ സംഭവങ്ങള്‍

ചിത്രത്തിനെതിരെ ആദ്യം രംഗത്തെത്തിയത് തമിഴ് നാട് വിവരസാങ്കേതിക വകുപ്പ് മന്ത്രി കടമ്പൂര്‍ സി രാജുവായിരുന്നു. വിജയ്‌യെ പോലെ ഉയര്‍ന്നുവരുന്ന ഒരു നടന് ചേര്‍ന്നതല്ല ഇതെന്നും, ജനങ്ങള്‍ ഇത്തരം രംഗങ്ങളെ അംഗീകരിക്കില്ലെന്നും ഇത് വളരെ നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അതേസമയം ചിത്രത്തെ അനുകൂലിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നും നടന്‍ വിശാല്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനീകാന്തും അഭിപ്രായപ്പെട്ടത്. ചിത്രത്തേയും നിര്‍മ്മാതാക്കളേയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു. എന്നാല്‍ ട്വീറ്റ് സണ്‍ പിക്‌ചേഴ്‌സ് സിനിമയുടെ പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതാണെന്നും ട്വീറ്റ് വസ്തുതാവിരുദ്ധമാണെന്നും ട്വിറ്ററില്‍ തന്നെ ആക്ഷേപമുയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook