Varisu OTT Release Date: വിജയ് നായകനായ വാരിസ് ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 22 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസ്’ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.
വിജയിനൊപ്പം രശ്മിക മന്ദന്ന, ശരത്കുമാർ, പ്രകാശ് രാജ്, ജയസുധ, ഷാം എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘വാരിസ്’. പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. എസ് തമൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
“വിജയ് എന്ന താരത്തിന്റെ മാസ് സീനുകൾ, നാല് ഫൈറ്റുകൾ, അതിഗംഭീരമായ ഗാനങ്ങൾ, ആവശ്യത്തിന് മസാല, അമ്മ-മകൻ ബന്ധത്തിലെ വൈകാരികത, ജഗപതി ബാബു വാണിജ്യ സിനിമയുടെ എല്ലാ തരം കീവേഡുകളും ഉൾക്കൊള്ളുന്ന അൽഗോരിതം ഉൽപന്നമായൊരു തിരക്കഥയിൽ നിർമ്മിച്ച ചിത്രം. കുടുംബചിത്രങ്ങളുടെ പഴകിയ എല്ലാ വാണിജ്യപരമായ ഫോർമുലകളും ഇതിൽ അവതരിപ്പിക്കുന്നു. അവിടെ നായകൻ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യൻ എക്‌സ്‌പ്രസ്സ് റിവ്യൂവിൽ കിരുഭാകർ ‘വാരിസി’നെ കുറിച്ച് എഴുതിയതിങ്ങനെ.
അതേസമയം, തന്റെ പുതിയ ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചിരിക്കുകയാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരാണ് പ്രധാന താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.